തിരുവനന്തപുരം : തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ വീതം ഉത്സവബത്ത നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 4.6 ലക്ഷം പേർക്കാണ് ബോണസ് നൽകുകയെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത ലഭിക്കും. 46 കോടി രൂപ ഇതിനായി അനുവദിച്ചു.
അതേസമയം ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി എടുത്ത് കളഞ്ഞിട്ടില്ലെന്നും ചില നിയന്ത്രണങ്ങൾ കൊണ്ടുവരിക മാത്രമാണ് ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. അനിയന്ത്രിതമായി പാഴ്‌സൽ പോകുന്ന സാഹചര്യമുണ്ടായി. പദ്ധതി പ്രഖ്യാപിച്ചത് കൊവിഡ് കാലത്തെ ഉദേശിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.
ഓണച്ചെലവിനായി 19,000 കോടിയോളം രൂപ ആവശ്യമായി വരും. ഈ തുക കണ്ടെത്തി നൽകിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. 4000 രൂപ വീതം സർക്കാർ ജീവനക്കാർക്ക് ബോണസായി നൽകും. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവ ബത്തയായി 2,750 രൂപ നൽകും. ആവശ്യപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് 20,000 രൂപ മുൻകൂറായി അനുവദിക്കും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും.
കെഎസ്‌ആർടിസിക്ക് 70 കോടി രൂപ നൽകും. ലോട്ടറി മേഖലയിൽ പെൻഷൻ 25 കോടി അനുവദിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് രണ്ട് ഘട്ടമായി പണം നൽകി. 70 കോടി രൂപ സപ്ലൈക്കോയ്‌ക്കും അനുവദിച്ചിട്ടുണ്ട്. നെൽ കർഷകരുടെ കുടിശിക ഓണത്തിന് മുമ്പ് കൊടുത്ത് തീർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.
യുഡിഎഫ് എംപിമാർക്കെതിരെ രൂക്ഷവിമർശനം : കേന്ദ്ര ഗവൺമെന്‍റിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ വലിയ വെട്ടിക്കുറവാണ് ഉണ്ടായത്. ബുദ്ധിമുട്ട് ഉണ്ടെങ്കിലും എല്ലാ മേഖലകളിലും സർക്കാർ സഹായം ഉറപ്പ് വരുത്തുന്നുണ്ട്. നികുതി ഇനത്തിൽ കേരളത്തിന് ലഭിക്കേണ്ട തുകയിൽ വലിയ കുറവുണ്ടായി.
കേരളത്തിൽ നിന്നുള്ള എംപിമാർ എന്താണ് ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു. കൈ കെട്ടിയതിന് പിന്നാലെ വിരലുകൾ കൂടി പ്ലാസ്റ്റർ ഇട്ട് കെട്ടുന്ന അവസ്ഥയാണ് കേന്ദ്രം ചെയ്യുന്നത്. കേന്ദ്രധനമന്ത്രിയെ കാണാൻ പോയപ്പോൾ യുഡിഎഫ് എംപിമാർ ആരും വന്നില്ല. സാമ്പത്തിക കാര്യത്തിൽ എംപിമാർ ഒരുമിച്ച് നിൽക്കണം.
Also Read : സ്വന്തം മണ്ഡലത്തിലെ സപ്ലൈക്കോ ബസാര്‍ 10 മണിയായിട്ടും തുറന്നില്ല; സ്ഥലത്ത് എത്തി ഭക്ഷ്യമന്ത്രി ജി ആർ അനിൽ
എംപിമാർ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചു : കേരളത്തിന്‍റെ താത്‌പര്യം യുഡിഎഫ് എംപിമാർ കാണുന്നില്ല. എംപിമാർ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചു. നേതൃത്വം ഇതിന് മറുപടി പറയണം. എംപിമാരുടേത് വഞ്ചനാപരമായ നിലപാടാണ്. രാഹുൽ ഗാന്ധി ഇതിൽ ഇടപെടണം. മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ എംപിമാർ കേന്ദ്ര ധനമന്ത്രിയെ ഒരുമിച്ച് കാണാം എന്നറിയിച്ചു. എന്നാൽ മെമ്മോറാണ്ടത്തിൽ എംപിമാർ ഒപ്പിട്ടില്ല. കേന്ദ്ര ധനമന്ത്രിയെ കാണാൻ തയ്യാറായില്ല. ബിജെപിയുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുകയാണോ യുഡിഎഫ് എംപിമാരെന്നും അദ്ദേഹം ചോദിച്ചു.