തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവം 2016ന്‍റെ ആവർത്തനമെന്ന് കെ. മുരളീധരൻ എംപി. അന്ന് തന്‍റെ പോസ്റ്ററുകൾ കരമനയാറ്റിലാണ് ഒഴുക്കിയത്. ഇത് ഇപ്പോൾ ആക്രിക്കടയിൽ വിറ്റത് കൊണ്ട് കണ്ടു പിടിച്ചുവെന്നും മുരളീധരൻ പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന കെ. സുധാകരന്‍റെ ആവശ്യത്തെ മുരളീധരൻ പിന്തുണച്ചു. സംഘടന തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്ന് മുരളീധരൻ വ്യക്തമാക്കി. നോമിനേഷൻ രീതി അവസാനിപ്പിച്ച് സംഘടന തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. പരസ്യമായി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രിയ്ക്ക് ജനങ്ങളോട് അതു പാലിക്കാൻ പറയാൻ ധാർമിക അവകാശമില്ലെന്നും മുരളീധരൻ പറഞ്ഞു.