തിരുവനന്തപുരം: രാമക്ഷേത്ര വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും വി എം സുധീരനുമായി തർക്കമില്ലെന്നും കെ മുരളീധരൻ എംപി. കോൺഗ്രസ് ഇന്ത്യ മുന്നണിയെ നയിക്കുന്ന പാർട്ടിയാണ്. ബാക്കി എല്ലാവരുമായി ചിന്തിച്ചിട്ടാകും തീരുമാനം. ഡെഡ് ലൈൻ കൊടുക്കുന്നത് ശരിയല്ല. ഭൗതികവാദികൾ മാത്രമുള്ള പാർട്ടിയല്ല കോൺഗ്രസ്. എല്ലാവരെയും ഉൾകൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. (K Muraleedharan Statement on Ayodhya Invitation)
രണ്ടാഴ്‌ച മാറി നിന്നതു കൊണ്ട് വി എം സുധീരൻ പാർട്ടിയിൽ നിന്ന് മാറി നിന്നതായി പലർക്കും സംശയം തോന്നി. അത് സ്വഭാവികമാണ്. അദ്ദേഹവുമായി പരസ്യമായി വെല്ലുവിളി ഉണ്ടായിട്ടില്ല. ചില പ്രയാസങ്ങൾ ഉണ്ടായിട്ടും അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാനെത്തി. അദ്ദേഹത്തെ പോലെയുള്ള സീനിയർ നേതാവിന്‍റെ ഉപദേശം പാർട്ടിക്ക് ഇന്ന് ആവശ്യമാണെന്നും മുരളീധരൻ പറഞ്ഞു. (K Muraleedharan About VM Sudheeran)
പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് ആഘോഷത്തിൽ മത മേലധ്യക്ഷന്മാർക്ക് പങ്കെടുക്കാനുള്ള അവകാശമുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി. മത മേലാധ്യക്ഷന്മാർക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ല. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് അത് ലഭിച്ചവരാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.