തിരുവനന്തപുരം: കെപിസിസി ജംബോ കമ്മറ്റികളെക്കുറിച്ച് കെ.മുരളീധരൻ നടത്തിയ പരാമർശം ദുർവ്യാഖ്യാനിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുരളീധരനടക്കമുള്ള എല്ലാവരുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഏകപക്ഷീയമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. പട്ടിക സംബന്ധിച്ച് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
അതേ സമയം ഒരാൾക്ക് ഒരു പദവിയെന്ന കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കൂടിയാലോചനകളില്ലാതെയാണ് പട്ടിക തയ്യാറാക്കിയതെന്നും ജംബോ പട്ടിക പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നുമായിരുന്നു കെ.മുരളീധരന്റെ വിമർശനം. ഭാരവാഹി പട്ടികയ്ക്ക് അംഗീകാരം തേടി മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വൈകുന്നേരം ഡൽഹിക്ക് തിരിക്കും.