തിരുവനന്തപുരം: കെപിസിസി ജംബോ ഭാരവാഹി പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തള്ളിയതോടെ പുതിയ നീക്കവുമായി നേതാക്കൾ. ഒരാള്‍ക്ക് ഒരു പദവി എന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കടുംപിടുത്തത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതോടെ ഭാരവാഹികളാകാന്‍ കച്ചകെട്ടിയിറങ്ങിയ എംഎല്‍എമാരും എംപിമാരും ത്യാഗ പരിവേഷത്തിന് ശ്രമം തുടങ്ങി. ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിച്ചതോടെ വര്‍ക്കിങ് പ്രസിഡന്‍റായി ഐ ഗ്രൂപ്പ് മുന്നോട്ടു വച്ച വി.ഡി സതീശന്‍ സ്വയം പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു. തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സതീശന്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വി.എം സുധീരന്‍ നിര്‍ദേശിച്ച തൃശൂര്‍ എം.പി ടി.എന്‍ പ്രതാപനും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കി. ഇതോടെ മറ്റൊരു വൈസ് പ്രസിഡന്റ് മോഹിയായ വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാറും ഒഴിവാക്കല്‍ കത്തുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചു.
എന്നാല്‍ പട്ടികയില്‍ ഇടം നേടിയ അടൂര്‍ പ്രകാശ് എം.പിയും വി.എസ് ശിവകുമാര്‍ എംഎല്‍എയും മൗനം തുടരുന്നു. അതിനിടെ, ജനപ്രതിനിധികളെ ഒഴിവാക്കാനുള്ള തീരുമാനം നിലവിലെ വര്‍ക്കിങ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷിനെയും കെ.സുധാകരനെയും ബാധിക്കുമെന്ന ആശങ്ക ഇരുവര്‍ക്കുമുണ്ട്. ജനപ്രതിനിധികള്‍ ആരും വേണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്നാല്‍ കൊടിക്കുന്നിലും കെ.സുധാകരനും പുറത്താകും. ഭാരവാഹികളെ വേണ്ടെന്ന കര്‍ശന നിലപാടില്‍ കനത്ത അടിയാണ് ഐ ഗ്രൂപ്പിനേറ്റിരിക്കുന്നത്. പുറത്താകുന്നവരില്‍ ടി.എന്‍ പ്രതാപന്‍ ഒഴികെയുള്ളവര്‍ ഐഗ്രൂപ്പുകാരാണ്. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയും ഭാരവാഹികള്‍ വേണോ എന്ന ചോദ്യമുയര്‍ത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കെപിസിസിയുടെ ആള്‍ക്കൂട്ട ഭാരവാഹി പട്ടിക തള്ളിയത്.