തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടല്‍ മലയാളികള്‍ക്കാകെ നാണക്കേടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. ഈ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടു. അന്വേഷണത്തില്‍ ഇനിയും പല മന്ത്രിമാരും കുടുങ്ങും. സ്വര്‍ണക്കടത്തു കേസില്‍ ഭരണഘടന പദവി വഹിക്കുന്ന സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍റെ ഇടപെടല്‍ ലജ്ജാകരമാണ്. ശബരിമല വിഷയത്തില്‍ നിയമപരമായ ഇടപെടലിന് ഇനിയും മാസങ്ങളെടുക്കുമെന്നും പ്രശ്‌നത്തില്‍ രാഹുല്‍ഗാന്ധി ഇതുവരെ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്നും നദ്ദ പറഞ്ഞു. കേരളത്തില്‍ പരസ്‌പരം പോരാടുന്ന സി.പി.എമ്മും കോണ്‍ഗ്രസും ബംഗാളില്‍ പരസ്‌പരം ധാരണയിലാണ്. എങ്ങനെയും അധികാരം പിടിക്കുക എന്നതു മാത്രമാണ് രണ്ടു കൂട്ടരുടെയും ലക്ഷ്യമെന്നും നദ്ദ ആരോപിച്ചു.
സി.പി.എമ്മുമായി കേരളത്തില്‍ ബി.ജെ.പി ധാരണയിലാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കേരളത്തില്‍ ബി.ജെ.പിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ജനങ്ങളുടെ മനോഭാവത്തിലെ മാറ്റം ബി.ജെ.പിക്ക് അനുകൂലമാകുമെന്നും നദ്ദ പറഞ്ഞു. കേരളത്തിലെ ബി.ജെ.പിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശോഭാ സുരേന്ദ്രനും പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും നദ്ദ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍.