തിരുവനന്തപുരം: കെ.റയില്‍ സംവാദത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്‌ട്രീയ കാരണങ്ങള്‍ കൊണ്ടെന്ന് ഐ.ടി വിദഗ്ദ്ധനും സാമൂഹിക നിരീക്ഷകനുമായ ജോസഫ് സി മാത്യു. ചീഫ് സെക്രട്ടറി തലത്തില്‍ നിന്നാണ് സംവാദത്തിന് ക്ഷണം ലഭിച്ചത്. രേഖാമൂലമുള്ളക്ഷണം സ്വീകരിച്ചുള്ള മറുപടി നല്‍കിയിരുന്നതായും ജോസഫ് സി മാത്യു പറഞ്ഞു.
സംവാദത്തിനുള്ള പാനലില്‍ നിന്നൊഴിവാക്കിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സാമാന്യ മര്യാദയും ഔചിത്യവുമുണ്ടെങ്കില്‍ തന്നെ ഇക്കാര്യം അറിയിക്കുകയാണ് കെ.റയില്‍ ചെയ്യേണ്ടതെന്നും ജോസഫ് മാത്യു വ്യക്തമാക്കി. മര്യാദയ്ക്ക് ഒരു പരിപാടി നടത്താനറിയാത്തവരാണ് ഇത്തരമൊരു വമ്പന്‍ പദ്ധതി നടപ്പാക്കാന്‍ ഇറങ്ങുന്നതെന്നും അദേഹം വിമർശിച്ചു. തന്നെ ഒഴിവാക്കിയ നടപടിയില്‍ അദ്ഭുതമില്ല. വിമര്‍ശനം ഉന്നയിക്കുന്നതു കൊണ്ട് തന്നെ മാറ്റി നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തണമായിരുന്നു.
READ MORE സില്‍വര്‍ ലൈൻ സംവാദം: ജോസഫ് സി മാത്യുവിനെ പാനലില്‍ നിന്നൊഴിവാക്കി
ഈ നടപടിക്ക് തന്നെ ക്ഷണിച്ച ചീഫ് സെക്രട്ടറി മറുപടി പറയണം. പദ്ധതിയില്‍ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംവാദം എന്നത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ അപൂര്‍വ്വമായ ജനാധിപത്യ സമീപനമാണെന്നും ജോസഫ് മാത്യു പറഞ്ഞു.
കടക്ക് പുറത്ത് എന്ന് പറയുമ്പോഴും കാരണം അറിയക്കണം. പ്രോഗ്രാം ഷെഡ്യൂള്‍ വരെ അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സഹ പാനലിസ്റ്റുമായി സംവാദം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒഴിവാക്കിയാലും തന്റെ വിമര്‍ശനം ഉന്നയിക്കുക തന്നെ ചെയ്യുമെന്നും ജോസഫ് മാത്യു പ്രതികരിച്ചു.