തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതു മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് അവരുടെ നിലപാട് അറിഞ്ഞ ശേഷം ചർച്ചയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ജോസ് കെ മാണി നിലപാട് പരസ്യമാക്കിയ ശേഷം മതി ഇത്തരം ചർച്ചകൾ. നിലവിലെ സാഹചര്യം എൽ.ഡി.എഫിന് അനുകൂലമാണ്. ജോസ് കെ മാണി വിഭാഗം വന്നാലും വന്നില്ലെങ്കിലും എൽ.ഡി.എഫിന് രാഷ്ട്രീയമായി മേൽകൈയുണ്ടെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
ജോസ് കെ മാണിക്ക് ജനപിന്തുണയുണ്ട്. മൂന്ന് ജില്ലകളിൽ നിർണ്ണായക ശക്തിയാകാൻ കഴിയുമെന്നുമാണ് സി.പി.എം വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഉചിതമായ സമയത്ത് ചർച്ചകൾ നടത്താം. യു.ഡി.എഫിലെ തകർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളിലൂടെ വെളിവാകുന്നത്. അതുകൊണ്ട് തന്നെ ആ വിള്ളൽ പരമാവധി രാഷ്ട്രീയമായി ഉപയോഗിക്കണമെന്നും സെക്രട്ടേറിയറ്റ് യോഗം നിർദ്ദേശം നൽകി. സി.പി.ഐ ശക്തമായ എതിർപ്പ് ഉന്നയിക്കുന്നുവെങ്കിലും ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടുന്നത് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഗുണം ചെയ്യുമെന്നാണ് സി.പി.എം കരുതുന്നത്.