ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്ഒ) സർക്കുലറിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന് കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി. സര്‍ക്കുലര്‍ അസാധുവാക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് നിലവിലുള്ള മെച്ചപ്പെടുത്തിയ പെന്‍ഷന്‍ തുടര്‍ന്നും നല്‍കണമെന്നും ജോണ്‍ ബ്രിട്ടാസ് കത്തില്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയുടെ ചില തെറ്റായ കാരണങ്ങളാലും വികലമായ വ്യാഖ്യാനങ്ങളാലും സർക്കുലർ രൂപപ്പെടുത്തിയതാണെന്നും ബ്രിട്ടാസ് കത്തിലൂടെ വ്യക്‌തമാക്കി.
ഒരു സാമൂഹിക ക്ഷേമ നിയമ നിർമാണമോ അതിലെ ആകസ്‌മികമായ വിധി ന്യായങ്ങളോ വ്യാഖ്യാനിക്കുമ്പോൾ ഗുണഭോക്താക്കൾക്ക് അനുകൂലമായ ഒരു നിലപാട് സ്വീകരിക്കണം. എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ടുകളും 1952-ലെ വിവിധ വ്യവസ്ഥകൾ നിയമവും അതിന് കീഴിൽ രൂപീകരിച്ച പെൻഷൻ പദ്ധതികളും റിട്ടയർമെന്‍റിന് ശേഷം ജീവനക്കാർക്ക് മാന്യമായ ജീവിതം നയിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനുള്ള സാമൂഹ്യക്ഷേമ നിയമ നിർമാണങ്ങളാണ്.
നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയിൽ ഈ ജീവനക്കാർ ഒരു പ്രധാന പങ്കാണ് വഹിച്ചത്. അവരുടെ അധ്വാനവും വിയർപ്പും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഇന്ധനമാണ്. അവരായിരുന്നു നമ്മുടെ രാജ്യത്തിന്‍റെ സമ്പത്ത് സ്രഷ്‌ടാക്കൾ. എന്നിട്ടും നമ്മൾ പലപ്പോഴും അവരെയും അവരുടെ സംഭാവനകളെയും അറിഞ്ഞോ അറിയാതെയോ അവഗണിക്കുന്നു, ബ്രിട്ടാസ് എംപി കത്തിൽ വ്യക്‌തമാക്കി.
സുപ്രീം കോടതി വിധിയിൽ 2014 സെപ്‌റ്റംബർ ഒന്നിന് മുമ്പ് വിരമിച്ച ജീവനക്കാർക്ക് മെച്ചപ്പെടുത്തിയ പെൻഷൻ നൽകുന്നത് നിർത്തലാക്കുകയോ അത് വീണ്ടെടുക്കാൻ അനുവദിക്കുകയോ ചെയ്‌തിട്ടില്ല. ഇത്തരമൊരു വ്യക്തമായ നിർദേശത്തിന്‍റെ അഭാവത്തിൽ മെച്ചപ്പെടുത്തിയ പെൻഷൻ നിർത്താനും അത് വീണ്ടെടുക്കാനും ഇപിഎഫ്ഒയ്ക്ക് ഏകപക്ഷീയമായി തീരുമാനിക്കാൻ കഴിയില്ല.
സുപ്രീംകോടതി ഉൾപ്പെടെ വിവിധ കോടതികളുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇത്തരം മെച്ചപ്പെടുത്തിയ പെൻഷൻ മുൻകാലങ്ങളിൽ അനുവദിച്ചിരുന്നു. എന്നാൽ ഇപിഎഫ്ഒ ഇത്തരമൊരു പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുകയാണെങ്കിൽ അത് എംപ്ലോയീസ് പെൻഷൻ സ്‌കീമിലെ നിർഭാഗ്യവാനായ പെൻഷൻകാരുടെ ഭാവിയിൽ കരിനിഴൽ വീഴ്ത്തുകയും അവർ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും, ജോണ്‍ ബ്രിട്ടാസ് കത്തിലൂടെ ചൂണ്ടിക്കാട്ടി.