തിരുവനന്തപുരം: രാജ്യത്തെ ബാധിച്ചിരിക്കുന്ന ഫാസിസ്റ്റ് ഭീകരതയുടെ ആഴം വെളിപ്പെടുത്തുന്നതാണ് ജെഎന്‍യുവിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ സംഘപരിവാര്‍ നടത്തിയ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിയോജിക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്താമെന്ന് ബി.ജെ.പി കരുതരുത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും മൗനം അക്രമങ്ങള്‍ക്ക് വളം വച്ച് കൊടുക്കുകയാണ്.
അമിത്ഷായുടെ ഗൃഹസന്ദര്‍ശനത്തിനിടെ രണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചതാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലെ പ്രകോപനം എന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യ തലസ്ഥാനത്തെ പ്രമുഖമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെ അര്‍ധരാത്രിയില്‍ ഇത്തരത്തില്‍ ക്രൂരമായി ആക്രമിക്കുന്നത് കേട്ടു കേള്‍വിയില്ലാത്തതാണ്. അമിത്ഷാക്കെതിരെ പ്രതിഷേധിച്ചാല്‍ തല തല്ലിപ്പൊളിക്കുമെന്നത് ഏകാധിപത്യത്തിന്‍റെ അങ്ങേയറ്റമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.