തിരുവനന്തപുരം: നഗരസഭയിലെ ജഗതിയിൽ പെൺപുലികളുടെ കടുത്ത പോരാട്ടം. കഴിഞ്ഞ രണ്ടു തവണയും ബിജെപി ജയിച്ച വാർഡ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. അതേസമയം പത്തു വർഷം മുമ്പ് കൈവിട്ട വാർഡ് തിരിച്ചുപിടിക്കുകയാണ് യുഡിഫഫിന്‍റെ ലക്ഷ്യം. 2010ലെ കന്നിയങ്കത്തിൽ ജയിച്ച് ജഗതി വാർഡ് ഉറപ്പിച്ച ബിജെപിയുടെ ഷീജ മധു ഹാട്രിക് ലക്ഷ്യമാക്കിയുള്ള പ്രചാരണത്തിലാണ്.
വാർഡിലെ വികസനവും വോട്ടർമാരുമായുള്ള വ്യക്തിബന്ധവും ഇത്തവണയും തന്നെ വിജയിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥി. എൽഡിഎഫും യുഡിഎഫും സീറ്റ് പിടിച്ചെടുക്കാനുള്ള ശക്തമായ ഒരുക്കങ്ങൾ നടത്തുമ്പോഴും വാർഡിൽ തനിക്ക് വെല്ലുവിളിയില്ലെന്നാണ് ഷീജ മധു പറയുന്നത്.
ജഗതി പിടിക്കാൻ യുവ സ്ഥാനാർഥിയെ രംഗത്തിറക്കിയാണ് എൽഡിഎഫിന്‍റെ യുദ്ധം. തൈക്കാട് വാർഡ് കൗൺസിലറായ വിദ്യ മോഹനാണ് സ്ഥാനാർഥി. പത്തു വർഷം മുമ്പ് കൈവിട്ട വാർഡ് തിരിച്ചുപിടിക്കാൻ യുഡിഎഫ് ഏൽപ്പിച്ചിരിക്കുന്നത് യുവമുഖത്തെ തന്നെയാണ്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ നീതു വിജയനാണ് സ്ഥാനാർഥി. മത്സരരംഗത്ത് തുടക്കക്കാരിയെങ്കിലും സംഘടന രംഗത്ത് പരിചയസമ്പന്നയാണ് നീതു. പാർട്ടി ഏൽപ്പിച്ചിരിക്കുന്ന ചുമതലയുടെ ഗൗരവമറിഞ്ഞ് ചിട്ടയായ പ്രവർത്തനത്തിലാണ് നീതു വിജയൻ. തീപ്പൊരി പാറുന്ന പോരാട്ടമാണ് ഇത്തവണ ജഗതിയിൽ നടക്കാൻ പോകുന്നത്. ആരു വിജയിച്ചാലും പരാജയപ്പെട്ടാലും ജഗതിയിലെ മത്സരം ശ്രദ്ധേയമാകും.