തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഐടി വകുപ്പ് ഉദ്യോഗസ്ഥനായ അരുൺ ബാലചന്ദ്രന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറിന് വേണ്ടി സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിന്‍റെ ഫ്‌ളാറ്റില്‍ മുറി വാടകയ്‌ക്കെടുത്ത് നല്‍കിയത് അരുൺ ബാലചന്ദ്രനാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് മറ്റ് തെളിവുകൾ കൂടി പുറത്തുവന്നത്. 2018 ഏപ്രില്‍ ആറിന് കോവളത്ത് നടന്ന സ്റ്റാര്‍ട്ടപ്പുകളുടെ ദ്വിദിന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഈ ചടങ്ങില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ്, യു.എ.ഇ കോൺസുലേറ്റ് ജനറല്‍ എന്നിവർക്കൊപ്പം അരുണ്‍ ബാലചന്ദ്രനും പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതോടൊപ്പം മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനൊപ്പം അരുൺ ബാലചന്ദ്രൻ യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതിന്‍റെ തെളിവുകൾ ഇടിവി ഭാരതിന് ലഭിച്ചു. 2018 ഒക്‌ടോബർ 14 മുതല്‍ 18 വരെ യു.എ.ഇയില്‍ നടന്ന ജി-ടെക്‌സ് എക്‌സ്‌പോയില്‍ പങ്കെടുക്കാനാണ് ടെക്‌നോപാര്‍ക്ക് പ്രതിനിധികള്‍ക്കൊപ്പം എം. ശിവശങ്കറും അരുണ്‍ ബാലചന്ദ്രനും വിദേശത്തക്ക് പറന്നത്. 2018 ആഗസ്റ്റ് 6 മുതല്‍ 8 വരെ വാഷിംഗ്ടണില്‍ നടന്ന ഐ.ടി കോണ്‍ക്ലേവിലും ഇവര്‍ ഒരുമിച്ചു പങ്കെടുത്തതായി രേഖകള്‍ വ്യക്തമാക്കുന്നു. ഐ.ടി വകുപ്പിലെ വിവിധ പ്രോജക്ടുകളുടെ നടത്തിപ്പിനായി എം. ശിവശങ്കറാണ് അരുണ്‍ ബാലചന്ദ്രനെ നിയമിച്ചത്. അരുണിന് വേണ്ടി സെക്രട്ടേറിയറ്റില്‍ ഐ.ടി വകുപ്പില്‍ ചീഫ് മിനിസ്‌ടേഴ്‌സ് ഐടി ഫെല്ലോ എന്ന പ്രത്യേക തസ്തികയും സൃഷ്ടിച്ചു. മുൻകാലങ്ങളില്‍ സൃഷ്ടിച്ചിട്ടില്ലാത്ത തസ്തികയാണിത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐടി വകുപ്പിലെ മിക്ക പ്രൊജക്‌ടുകളുടേയും സുപ്രധാന ചുമതല വഹിച്ചിരുന്നത് അരുൺ ബാലചന്ദ്രനായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും സർക്കാർ ചെലവില്‍ വിദേശ യാത്രകൾ നടത്തിയത്.
ശിവശങ്കറിന്‍റെ നിര്‍ദ്ദേശ പ്രകാരം സെക്രട്ടേറിയറ്റിനു സമീപത്തെ ഹെതര്‍ ഫ്‌ളാറ്റില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറിനു വേണ്ടി അരുൺ മുറി വാടകയ്‌ക്കെടുത്തു എന്ന് കസ്റ്റംസ് കണ്ടെത്തിയതോടെയാണ് അരുണിന് പ്രതികളുമായുള്ള ബന്ധം ചർച്ചയാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഇന്നും ഇവിടെ പരിശോധന നടത്തിയിരുന്നു.