തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഢാലോചന കേസിലെ പ്രതിയും മുൻ പൊലീസ് മേധാവിയുമായ സിബി മാത്യുസ്,കെ.കെ.ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ ഏഴിലേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ഇവരെ ഒരു ലക്ഷം രൂപയുടെ ജാമ്യ വ്യവസ്ഥയിൽ വിടണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു.
ഐബി ഉദ്യോഗസ്ഥരടക്കം 18 പേരാണ് കേസിലെ പ്രതികൾ. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, കസ്റ്റഡി മർദനം, അപകീർത്തിപ്പെടുത്തൽ തുടങ്ങി 10 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 1994 ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ചാരക്കേസ് ആരോപണം നടക്കുന്നത്.
ഇന്ത്യൻ റോക്കറ്റ് സാങ്കേതിക വിദ്യ ചോർത്തി നൽകി എന്നായിരുന്നു നമ്പി നാരായണൻ അടക്കമുള്ളവർക്കെതിരെയുള്ള ആരോപണം. കേസിലെ ഒന്നാം പ്രതിയും പേട്ട മുൻ സിഐയുമായ എസ്.വിജയൻ, വഞ്ചിയൂർ എസ്ഐ തമ്പി.എസ്.ദുർഗ്ഗാദത്ത് എന്നിവർ നേരത്തെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിട്ടുണ്ട്.
Also Read: പാഷാണം ഇനി വിശ്രമിക്കട്ടെ, ചെമ്പിൽ അശോകൻ കളത്തിലിറങ്ങി