തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലിലെത്തി ചിലർ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ അന്വേഷണം. സംഭവത്തെക്കുറിച്ച് ദക്ഷിണ മേഖല ജയിൽ ഡിഐജി പി. അജയകുമാർ അന്വേഷിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഋഷിരാജ് സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജയിലിലെത്തി ചിലർ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലായിരുന്നു വെളിപ്പെടുത്തൽ. അതേസമയം ഉദ്യോഗസ്ഥരും ബന്ധുക്കളുമല്ലാതെ മറ്റാരും സ്വപ്‌നയെ ജയിലിൽ കണ്ടിട്ടില്ല എന്നാണ് ജയിൽ വകുപ്പിന്‍റെ വാദം.
ആരൊക്കെ സന്ദർശിച്ചുവെന്നതിന് കൃത്യമായ രേഖകളും സിസിടിവി ദൃശ്യങ്ങളും ഉണ്ട്. അട്ടക്കുളങ്ങര ജയിൽ പാർപ്പിച്ചിരുന്നപ്പോൾ സ്വപ്‌നയുടെ അമ്മയും മകളും ഭർത്താവും സന്ദർശിച്ചിരുന്നുവെന്നും ജയിൽ വകുപ്പ് പറയുന്നു. വിയ്യൂർ, എറണാകുളം, അട്ടക്കുളക്കര ജയിലുകളിലാണ് സ്വപ്‌നയെ ഇതുവരെ പാർപ്പിച്ചിരുന്നത്. ഇവിടെ വച്ചെല്ലാം വിവിധ അന്വേഷണ ഏജൻസികൾ സ്വപ്‌നയെ ചോദ്യം ചെയ്‌തിരുന്നു.