തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പ്രതികളിലേയ്ക്ക് സിബിഐക്ക് എത്തിച്ചേരാൻ കഴിഞ്ഞത് നാർകോ അനാലിസിസ് ടെസ്റ്റ്, പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് തുടങ്ങിയ ശാസ്‌ത്രീയ പരിശോധനകളെന്ന് സിബിഐ മുൻ ഡിവൈഎസ്പി ആർകെ അഗർവാൾ. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകിയത്. പ്രതികളുടെ സമ്മതത്തോടെ കോടതിയുടെ ഉത്തരവ് പ്രകാരമാണ് ശാസ്‌ത്രീയ പരിശോധനകൾ നടത്തിയതെയെന്നും പ്രോസിക്യൂഷൻ 41-ാം സാക്ഷി ആർകെ അഗർവാളിന്‍റെ മൊഴിയിൽ പറഞ്ഞു.
അഭയ കൊലക്കേസിലെ ഏക ദൃക്‌സാക്ഷിയായായ മൂന്നാം സാക്ഷി അടയ്ക്ക രാജു അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ പയസ് ടെൻത് കോൺവെന്‍റിലെ ടെറസിൽ വച്ച് രണ്ടു പേരെ കണ്ടിരുന്നു എന്ന മൊഴി തനിക്ക് നൽകിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥനായ ആർകെ അഗർവാൾ സിബിഐ കോടതിയിൽ മൊഴി നൽകി.
2007 ജൂൺ മുതൽ 2008 നവംബർ ഒന്ന് വരെയാണ് സിബിഐ ഡിവൈഎസ്പി അഗർവാൾ അഭയ കേസിന്‍റെ അന്വേഷണം നടത്തിയത്. അഭയ കേസിൽ സിബിഐ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന മുൻ എസ് പി കെഎം വർക്കിയെയും സിബിഐ കോടതി വിസ്തരിച്ചു.
1992 മാർച്ച് 27നാണ് അഭയ പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ അഭയയെ കണ്ടെത്തിയത്. കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ.