തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന തിരുവനന്തപുരം കഴക്കൂട്ടത്തെ ടെക്ക്‌നോപാർക്കിൽ പരിശോധന കർശനമാക്കി. ഇതിന്‍റെ ഭാഗമായി ടെക്നോപാർക്ക് എംപ്ലോയിസ് സൊസൈറ്റിയുടെ കീഴിലുള്ള ആശുപത്രിയുടെ നേതൃത്വത്തിൽ എല്ലാ ജീവനക്കാരെയും തെർമൽ സ്‌കാനിംഗിന് ശേഷം മാത്രമെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ.
99 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള ഓരോ വ്യക്തിയെയും കൂടുതൽ പരിശോധയ്‌ക്കായി സൊസൈറ്റിയുടെ കീഴിലുള്ള ആശുപത്രിയിലേക്ക് മാറ്റും. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ച ജില്ലയിൽ അവധിക്ക് പോയവർക്ക് അവരവരുടെ വീടുകളിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം കമ്പനികൾ ഒരുക്കിയിട്ടുണ്ട്. ഇത്തരക്കാർ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടുകളിൽ നിന്നും ജോലി ചെയ്താൽ മതിയാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.