തിരുവനന്തപുരം : കിറ്റക്‌സ് വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും വ്യവസായം എന്ന നിലയിൽ അവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പി രാജീവ്. കിറ്റക്‌സ് ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിശോധിക്കും.
നേരിട്ടോ അല്ലാതെയോ ഒരു പരാതിയും അവർ ഉന്നയിച്ചിട്ടില്ല. ആരോപണം ഉയർന്നപ്പോൾ സർക്കാർ അങ്ങോട്ട് ബന്ധപ്പെടുകയാണ് ഉണ്ടായത്.
കിറ്റക്‌സിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വ്യവസ്ഥാപിതമായി നടക്കുന്ന വ്യവസായങ്ങളിൽ സാധാരണനിലയിൽ മിന്നൽ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വിഷയം ഉന്നയിക്കേണ്ട ഘട്ടമെത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കിറ്റക്‌സിൻ്റെ പുതിയ സംരംഭത്തെ സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ധാരണാപത്രം ആയിട്ടില്ല. ലെറ്റർ ഒഫ് ഇൻ്റൻ്റ് മാത്രമാണ് സമർപ്പിച്ചിട്ടുള്ളത്. സംരംഭത്തിന് എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരിയില്‍ നടന്ന അസെന്‍റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് കഴിഞ്ഞ ദിവസമാണ് കിറ്റക്‌സ് അറിയിച്ചത്.
സർക്കാരിലെ വിവിധ വകുപ്പുകൾ അനാവശ്യമായി കമ്പനിയിൽ പരിശോധന നടത്തുന്നുവെന്ന് ആരോപിച്ചാണ് കിറ്റക്‌സ് പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ചത്.