തിരുവനന്തപുരം: സഭ തർക്കം പരിഹരിക്കാൻ നിയമ നിർമാണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യാക്കോബായ സഭയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് സമരം ഉദ്ഘാടനം ചെയ്‌തു. സെമിത്തേരി ബിൽ കൊണ്ടുവന്ന ഇച്ഛാശക്തിയുള്ള സർക്കാർ വിഷയത്തിൽ നിയമ നിർമാണത്തിനുള്ള ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
കോടതി വിധികളിലൂടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകില്ലെന്ന് എല്ലാവർക്കും അറിയാം. അതിനാൽ നിയമത്തിനുള്ളിൽ നിന്നു കൊണ്ട് നീതി യുക്തമായ നടപടി സർക്കാർ സ്വീകരിക്കണം. അത് സമൂഹവും ഓർത്തഡോക്സ് സഭയും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭ പിടിച്ചെടുത്ത പള്ളികൾ തിരികെ നൽകുക, പള്ളി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി നിയമനിർമാണം വേണമെന്നതാണ് യാക്കോബായ സഭയുടെ ആവശ്യം. ഈ നിയമസഭ സമ്മേളത്തിൽ തന്നെ അത് വേണമെന്ന ആവശ്യവും സഭ ഉയർത്തുന്നു.