തിരുവനന്തപുരം: വിവിധ ബാങ്കുകളിൽ നിന്നും വായ്‌പാ തട്ടിപ്പ് നടത്തിയ കേസിൽ ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും. കമലേശരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസ് മുൻ ഹെഡ് ക്ലർക്ക് ജെന്‍സണ്‍ ജെ ആന്‍ഡ്രൂസ്, മുൻ പ്യൂൺ കെഎസ് ഹേമചന്ദ്രൻ എന്നിവര്‍ക്കാണ് രണ്ടു വർഷം തടവും 50000 രൂപ പിഴയും വിധിച്ചത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
വ്യാജ വിവരങ്ങൾ എഴുതി ബാധ്യതയില്ലാത്ത സർട്ടിഫിക്കറ്റ് നൽകുകയും, ബാങ്കുകളിൽ നിന്ന് നല്‍കിയ കണ്‍ഫര്‍മേഷന്‍ ലെറ്ററില്‍ ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നല്‍കുകയും ചെയ്‌ത വിഴിഞ്ഞം ഫിഷറീസ് ഓഫീസിലെ അന്നത്തെ അസിസ്റ്റന്‍റ് ഡയറക്‌ടര്‍ സുഭാഷ് ചന്ദ്രമോഹനും നേരത്തെ കേസില്‍ പ്രതിയായിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ലോൺ എടുത്തത് നൽകിയ പ്രതി ഹേമചന്ദ്രന്‍റെ സഹോദരനും ഭാര്യയും കേസില്‍ നേരത്തെ പ്രതികൾ ആയിരുന്നു. എന്നാല്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഇവരെ ഒഴിവാക്കുകയായിരുന്നു.
ഹേമചന്ദ്രന്‍റെ സഹോദരനായ പ്രേമചന്ദ്രൻ, ഹേമചന്ദ്രന്‍റെ ഭാര്യ ഹേമ വഴി പേരൂർക്കട സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് കിളിമാനൂർ ശാഖ എന്നിവിടങ്ങളില്‍ നിന്നും ഓരോ ലക്ഷം രൂപ വീതമാണ് കബളിപ്പിച്ച് ലോൺ എടുത്തത്. വായ്‌പ തുക ജാമ്യക്കാരായ പ്രതികള്‍ തിരിച്ചടക്കുകയും ചെയ്‌തു. ഇതിനകം അസിസ്റ്റന്‍റ് ഡയറക്‌ടര്‍ സുഭാഷ് ചന്ദ്ര മോഹൻ മരണപ്പെട്ടിരുന്നു. രണ്ട് പ്രതികളും തങ്ങള്‍ ജോലി ചെയ്യാത്ത ഓഫീസിലെ ജീവനക്കാര്‍ ആണെന്നും, ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്നവരുമാണെന്ന തെറ്റായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് പണം തട്ടാന്‍ കൂട്ടു നിന്നതെന്ന വിജിലന്‍സ് വാദം കോടതി അംഗീകരിച്ചു.
വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‌പി എസ് രാജേന്ദ്രനാണ് കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചത്. വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്‌ണൻ എസ് ചെറുന്നിയൂർ കോടതിയില്‍ ഹാജരായി.