തിരുവനന്തപുരം : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കി ഐഎംഎ. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.
സമരം കടുപ്പിച്ച് ഐഎംഎ, മുഖ്യമന്ത്രിയെ നേരില്‍ കണ്ടു
മാവേലിക്കര സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്ന സാഹചര്യത്തിലാണ് ഐഎംഎ നിലപാട് കടുപ്പിച്ചത്. ഐഎംഎ പ്രസിഡന്‍റ് ഡോ. പിടി സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
ഇതിനുപുറമെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്കും ഐഎംഎ പരാതി കൈമാറും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരനെ സംരക്ഷിക്കുകയാണെന്നും സംഘടന ആരോപിച്ചു.
കൊവിഡ് ആശങ്കകള്‍ക്ക് നടുവില്‍ ജീവന്‍ പണയപ്പെടുത്തി സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ അടിയന്തര നിയമ നടപടികള്‍ ഉറപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
Read More: ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നവർക്കെതിരെ കർശന നടപടി: വീണ ജോര്‍ജ്
മെയ് 14 നാണ് ചികിത്സ പിഴവ് ആരോപിച്ച് സിപിഒ അഭിലാഷ് ചന്ദ്രന്‍ ഡ്യൂട്ടി ഡോക്‌ടറായ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. കൊവിഡ് ബാധിതയായിരുന്ന തന്‍റെ മാതാവിന്‍റെ മരണം ചികിത്സയിലുണ്ടായ വീഴ്‌ച കാരണമാണെന്ന് ആരോപിച്ച് ആശുപത്രിയിലെത്തി രാഹുലിനെ മര്‍ദിക്കുകയായിരുന്നു.
സംഭവത്തിൽ അഭിലാഷിനെതിരെ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്‌ടർമാർ 40 ദിവസമായി മാവേലിക്കരയിൽ സമരത്തിലാണ്. എന്നാൽ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുൽ മാത്യു ആരോപിക്കുന്നത്.
Read More :'രാജിവയ്‌ക്കില്ല' ; അവധിയിൽ പ്രവേശിച്ച് ഡോ. രാഹുൽ മാത്യു
കുറ്റക്കാരനെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് രാഹുല്‍ മാത്യു രാജിവയ്ക്കുന്നതായി ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു എന്നാല്‍ മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷന്‍റെ (കെജിഎംഒ) നിർദേശത്തെ തുടര്‍ന്ന് രാജി എന്ന തീരുമാനത്തില്‍ നിന്നും പിന്‍മാറി അവധിയില്‍ പ്രവേശിച്ചു.
അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
കുറ്റക്കാരെ സംരക്ഷിക്കുന്ന നയമല്ല സര്‍ക്കാരിന്‍റേതെന്നും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡോക്‌ടറെ മര്‍ദിച്ച ഉദ്യോഗസ്ഥനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു.