തിരുവനന്തപുരം: സ്വന്തം ജീവൻ പണയപ്പെടുത്തി കൊവിഡ് 19ന് എതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ ആവശ്യപ്പെട്ടു. രോഗികളുമായി അടുത്ത് ഇടപഴകുമ്പോൾ കൊവിഡ് 19 രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ലോകത്തെമ്പാടും ആരോഗ്യ പ്രവർത്തകർ തന്നെയാണ് ആദ്യം രോഗബാധിതരാകുന്നത്. ഇവരില്‍ നല്ലൊരു ശതമാനം ആളുകൾക്കും ജീവൻ നഷ്ടമാകുന്നുണ്ടെന്ന് ഐഎംഎ.
അതുകൊണ്ട് തന്നെ ആരോഗ്യ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാനുള്ള സുരക്ഷാ ഉപകരണങ്ങൾ സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്ന വ്യത്യാസമില്ലാതെ ലഭ്യമാക്കുകയും അവരെ പരിപൂർണമായും സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കുകയും വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികളിൽ കൂടി കൊവിഡ് ചികിത്സ എത്തുന്ന സാഹചര്യം ഉണ്ടാകാം. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കും ജീവൻ നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണം. സർക്കാർ മേഖലയിൽ ലഭിക്കുന്നത് പോലെ ലൈഫ് ഇൻഷറൻസും, ആശ്രിതർക്ക് ജോലി ലഭിക്കുന്ന സ്ഥിതിയും അവിടെയും ഉണ്ടാകണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ.എബ്രഹാം വർഗീസും, സംസ്ഥാന സെക്രട്ടറി ഡോ.പി ഗോപി കുമാറും പ്രസ്താവനയിൽ പറയുന്നു.