ഹൈദരാബാദ്: ഹോണ്ട ആക്‌ടിവയുടെ പുതിയ പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ തങ്ങളുടെ കമ്മ്യൂട്ടർ ബൈക്കായ ഹോണ്ട എസ്‌പി 125ന്‍റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട എസ്‌പി 125. ആക്‌ടിവയെപ്പോലെ ഹോണ്ട എസ്‌പി 125 മോഡലിന്‍റെ പുതുക്കിയ പതിപ്പ് പുതിയ OBD2B (ഓൺബോർഡ് ഡയഗോസ്റ്റിക് 2 ബി) എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്. ഇതിനൊപ്പം മറ്റ് ചെറിയ മാറ്റങ്ങളും പുതിയ മോഡലിൽ വരുത്തിയിട്ടുണ്ട്.
പുതുക്കിയ മോഡലിന്‍റെ ഡിസൈൻ പരിശോധിക്കുമ്പോൾ വാഹനത്തിന്‍റെ മുൻഭാഗവും പിൻഭാഗവും കൂടുതൽ ഷാർപ്പായിട്ടുണ്ട്. കൂടാതെ മുഴുവനായും എൽഇഡി ലൈറ്റിങും നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഹോണ്ട റോഡ്‌സിങ്ക് ആപ്ലിക്കേഷൻ പിന്തുണയുമുള്ള 4.2-ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീൻ ആണ് അപ്‌ഡേറ്റ് ചെയ്‌ത പതിപ്പിലെ മറ്റൊരു എടുത്തുപറയേണ്ട ഫീച്ചർ.
റൈഡർക്ക് സ്ക്രീനിൽ ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉപയോഗപ്പെടുത്താനാവും. യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടും നൽകിയിട്ടുണ്ട്. വാഹനങ്ങൾ പാരിസ്ഥിതിക, എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പുതുക്കിയ OBD2B മാനദണ്ഡങ്ങൾ അടുത്ത വർഷം നടപ്പാക്കാൻ പോകുകയാണ്. പുതിയ ഹോണ്ട എസ്‌പി 125 ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനായി പുതുക്കിയ മോഡലിന്‍റെ എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
10.7 ബിഎച്ച്‌പി കരുത്തും 10.9 എൻഎം ടോർക്കും നൽകുന്ന 124 സിസി, എയർ-കൂൾഡ് എഞ്ചിനാണ് നൽകിയിരിക്കുന്നത്. എഞ്ചിനുമായി 5 സ്‌പീഡ് ഗിയർബോക്‌സ് ജോടിയാക്കിയിട്ടുണ്ട്. ഹാർഡ്‌വെയർ പാക്കേജിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 17 ഇഞ്ച് വീലുകളാണ് ഹോണ്ട എസ്‌പി 125 മോഡലിന്‍റെ പുതുക്കിയ പതിപ്പിൽ നൽകിയിരിക്കുന്നത്. വീലുകൾ ടെലിസ്കോപ്പിക് ഫോർക്കുകളും ഡ്യുവൽ സ്പ്രിങുകളും ഉപയോഗിച്ച് സസ്പെൻഡ് ചെയ്‌തിട്ടുണ്ട്.
116 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്‍റെ ഇന്ധന ടാങ്കിന്‍റെ കപ്പാസിറ്റി 11.2 ലിറ്ററാണ്. പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേൾ സൈറൻ ബ്ലൂ, ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് പുതിയ കളർ ഓപ്ഷനുകളിലാണ് പുതിയ ഹോണ്ട എസ്‌പി 125 ലഭ്യമാവുക.
എഞ്ചിനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതിനാൽ തന്നെ പുതിയ മോഡലിന്‍റെ വിലയിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ഡ്രം ബ്രേക്ക് വേരിയൻ്റിൻ്റെ വില 91,771 രൂപയും, ഡിസ്‌ക് ബ്രേക്ക് വേരിയൻ്റിൻ്റെ വില 1,00,284 രൂപയുമാണ്. പുതുക്കിയ പതിപ്പിൽ ഡ്രം ബ്രേക്ക് വേരിയൻ്റിന് ഏകദേശം 4,000 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയൻ്റിന് 8,816 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്.
Also Read:
- ടിഎഫ്‌ടി ഡിസ്‌പ്ലേയുമായി ഹോണ്ട ആക്‌ടിവയുടെ പുതിയ പതിപ്പ്: വില ഒരു ലക്ഷത്തിൽ താഴെ
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികൾ കണ്ട് അതിശയന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി: വൈറൽ വീഡിയോ