തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകളെ അനധികൃതമായി കൈവശംവച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സജീവമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ഇതുമായി ബന്ധപ്പെട്ട് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. കൊല്ലം കിഴക്കന്‍ മേഖലയില്‍ പുനലൂര്‍ ഡിവിഷന്‍ പരിധിയില്‍ പാമ്പുകളെ നിയമവിരുദ്ധമായി കൈവശം വച്ച് വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
വനംമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലും സമാന കുറ്റകൃത്യത്തില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ പാമ്പുകളെ പിടികൂടുന്നതിന് വനംവകുപ്പിന്‍റെ പരിശീലനത്തില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കേഷന്‍ നേടേണ്ടതുണ്ട്. നാളിതുവരെ രണ്ട് ഘട്ടങ്ങളിലായി 1567 പേര്‍ക്ക് പരിശീലനം നല്‍കി.
ALSO READ: കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുന്നു, തീരുമാനം ഉടൻ
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 928 പേര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍, നിയമങ്ങള്‍ കാറ്റില്‍ പറത്തി അനധികൃതമായി പാമ്പുകളെ പിടിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും വനംമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.