തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും മദ്യഷോപ്പുകളും അടച്ചതോടെ മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജവാറ്റ് സജീവം. നെടുമങ്ങാട് പുത്തൻ പാലത്തിൽ വീട്ടിൽ വച്ച് ചാരായം വാറ്റിയയാളെ നെടുമങ്ങാട് എക്സൈസിൻ്റെ ഷാഡോ ടീം പിടികൂടി. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കണ്ണൻ എന്ന് വിളിക്കുന്ന മണികണ്‌ഠന്‍റെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും ആറ് ലിറ്റർ ചാരായവും 85 ലിറ്റർ കോടയും പിടികൂടി.
വീട്ടിലെ അടുക്കളയിലെ വർക്കിംഗ് ഏരിയയിൽ വച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. ഇയാൾ സ്ഥിരമായി ചാരായം വാറ്റി പല സ്ഥലങ്ങളിലും വിൽപന നടത്തിയിരുന്നതായി എക്സൈസ് സംഘം പറയുന്നു. ഇതിനായി ഉപയോഗിക്കുന്ന കോഡ് ഭാഷ മരുന്ന് എന്നാണ് എന്നും എക്സൈസ് സംഘം പറഞ്ഞു. ഒരു ലിറ്ററിൻ്റെയും 500ൻ്റെയും കുപ്പികളിൽ ആക്കിയാണ് വിറ്റിരുന്നത്.
ഒരു ലിറ്ററിന് 1000 രൂപയും അര ലിറ്ററിന് 500 രൂപയും ഇവർ ഈടാക്കിയിരുന്നു. വാറ്റിയ ചാരായം കുപ്പികളിൽ ആക്കി വീടിൻ്റെ സമീപത്തെ മാലിന്യ കുഴിയിൽ താഴ്ത്തിയിടുകയാണ് പതിവ്. മുൻകാല ഷാപ്പ് ജീവനക്കാരൻ ആയിരുന്നു ഇയാൾ. ചെറിയ തോതിൽ വാറ്റ് നടത്തുന്നതിനാൽ ആരും ഇയാളെ സംശയിച്ചിരുന്നില്ല. ഒരു ലക്ഷം രൂപ വരുന്ന വാറ്റ് ഉപകരണങ്ങളും പിടിച്ച് എടുത്തു.