തിരുവനന്തപുരം : 'ഈ റോഡ് പരിധിയിൽ പരസ്യങ്ങൾ, കമാനങ്ങൾ, ബാനറുകൾ, ഫ്ലക്സ് ബോർഡുകൾ, തോരണങ്ങൾ തുടങ്ങിയവ കേരള ഹൈവേസ് ആക്‌ട് 1999 പ്രകാരം സ്ഥാപിക്കുന്നത് ശിക്ഷാർഹമാണ്'. തിരുവനന്തപുരം നഗരസഭ പരിസരത്ത് സ്ഥാപിച്ച ബോർഡിലെ വാചകമാണിത്. എന്നാൽ ഈ ബോർഡിനും ഹൈക്കോടതി വിധിക്കും നഗരസഭയും അധികൃതരും യാതൊരു വിലയും നൽകുന്നില്ല.
സംഘടിപ്പിച്ച പരിപാടികൾക്ക് ശേഷം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച സ്ഥലത്ത് നിന്ന് മാറ്റാൻ ആവേശ കമ്മിറ്റിക്കാർ തയ്യാറാകുന്നില്ല. അനധികൃത ബാനറുകളും കൊടി തോരണങ്ങളും വയ്ക്കരുതെന്ന 2021ലെ ഹൈക്കോടതി വിധിയാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നത്. ഫുട്‌പാത്തുകളിൽ ഫ്ലക്സ് ബോർഡുകളും, കൂറ്റൻ കട്ടൗട്ടുകളും, അനധികൃതമായി പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളും മൂലം കാൽനടയാത്രക്കാരും ബുദ്ധിമുട്ടനുഭവിക്കുകയാണ്.
വഴിയാത്രക്കാർക്ക് വാഹനങ്ങളെയും, വണ്ടികളില്‍ വരുന്നവർക്ക് റോഡ് മുറിച്ചുകടക്കുന്നവരെയും കാണാൻ സാധിക്കാത്ത വിധമാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ചില ബോര്‍ഡുകള്‍ ബലം തീരെ കുറഞ്ഞ കയറുകൾ കൊണ്ടാണ് കെട്ടിയിരിക്കുന്നത്. ഇത് അപകട സാധ്യത വിളിച്ചുവരുത്തുന്നു.
പാതയോരങ്ങളിൽ തോരണങ്ങളും ഫ്ലക്സ് ബോർഡുകളും വച്ചാൽ നടപടിയെടുക്കാൻ തദ്ദേശഭരണ സെക്രട്ടറിമാർക്കാണ് ചുമതല. എന്നാൽ, നഗരസഭ പരിസരത്തുള്ള ഫ്ലക്സ് ബോർഡുകൾ നീക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലക്സുകളും ബോർഡുകളും നീക്കം ചെയ്യാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. എന്നാൽ അവരുടെ പ്രവർത്തനം എവിടെയാണെന്ന ചോദ്യത്തിന് ഉത്തരമില്ല.