തിരുവനന്തപുരം : ഐജി പി വിജയൻ്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാമതും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. ഐജിയെ തിരിച്ചെടുക്കണമെന്നാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതികളുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്നാരോപിച്ചായിരുന്നു ഐജി പി വിജയനെ സസ്പെൻഡ് ചെയ്‌തത്. മെയ് 18നായിരുന്നു നടപടി.
എന്നാൽ സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമാവില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. അതേസമയം പി വിജയൻ്റെ സസ്പെൻഷനെതിരെ ഐപിഎസുകാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും അവരുടെ അസോസിയേഷൻ സംഭവത്തിൽ ഔദ്യോഗികമായി മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നില്ല.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പി വിജയനെ സസ്പെൻഡ് ചെയ്‌തത്. പൊലീസിന്‍റെ എടിഎസ് വിഭാഗം (തീവ്രവാദ വിരുദ്ധ സ്ക്വാഡ്) കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതിനാൽ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കേസിന്‍റെ അന്വേഷണം പൂർത്തിയാകുന്നതുവരെ വിജയനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ട്രെയിനിലെ തീവയ്‌പ്പ് കേസ് അന്വേഷിക്കുന്ന സംഘത്തിൽ ഉൾപ്പെടാത്ത ഇൻസ്പെക്‌ടർ ജനറൽ റാങ്കിലുള്ള വിജയൻ, ഗ്രേഡ് എസ്ഐ മനോജ് കുമാർ കെ എന്നിവർ പ്രതികളെ റോഡ് മാർഗം കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സസ്പെൻഷന് അടിസ്ഥാനമായ കാരണങ്ങൾ നിഷേധിച്ച് പി വിജയൻ സർക്കാരിന്‍റെ നോട്ടിസിന് മറുപടി നൽകി. രണ്ട് മാസത്തിന് ശേഷം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന സസ്പെൻഷൻ പുനപരിശോധനാസമിതി വിജയനെ തിരിച്ചെടുക്കണമെന്ന് ശുപാർശ ചെയ്‌തു. സസ്പെൻഷൻ നീട്ടിക്കൊണ്ടുപോകാനുള്ള തെറ്റുകൾ ഇല്ലെന്നും തിരികെയെടുത്ത് വകുപ്പ് തല അന്വേഷണം തുടരാമെന്നുമായിരുന്നു ശുപാർശ.
മറുപടിയിന്‍മേല്‍ മുഖ്യമന്ത്രി ഡിജിപിയുടെ വിശദീകരണം തേടിയപ്പോൾ വിജയനെതിരായ എഡിജിപിയുടെ ആരോപണങ്ങൾ ശരിവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. നിലവിൽ ഡിജിപിയുടെ മറുപടിയും പരിശോധിച്ചശേഷമാണ് ചീഫ് സെക്രട്ടറി വീണ്ടും റിപ്പോർട്ട് നൽകിയിരിക്കുന്നത്.
മൂന്നര മാസമായി തുടരുന്ന സസ്പെൻഷൻ നീട്ടിക്കൊണ്ട് പോകേണ്ടതില്ല, വകുപ്പ് തല അന്വേഷണത്തിൽ ഐജിക്കും അന്വേഷണ ഉദ്യോഗസ്ഥനും വിശദീകരിക്കാനുള്ള അവസരം ഉണ്ടാകും, ഐജിയെ തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസമാകില്ല, അപ്പോഴുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി ആകാം, എന്നെല്ലാമാണ് ശുപാർശ. മാത്രമല്ല ഐജിയുടെ സർവീസ് ജീവിതത്തിലെ മികച്ച ട്രാക്ക് റെക്കോർഡ് ഉൾപ്പടെ ചൂണ്ടിക്കാട്ടിയുമാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.