തിരുവനന്തപുരം: പ്രതിസന്ധിയുടെ കാലത്തെ പ്രതീക്ഷ പങ്കുവച്ചുകൊണ്ട് രാജ്യന്തര ചലച്ചിത്ര മേളയുടെ സിഗ്നേച്ചർ ചിത്രം. കൊവിഡ് മഹാമാരി മൂലം തളർന്ന സാമ്പത്തിക മേഖലയും, ആഭ്യന്തര യുദ്ധങ്ങളും അധിനിവേശവും കാരണം തകർന്ന ലോകസമാധാനവും മറ്റ് പ്രതിസന്ധികളുമെല്ലാം മറികടക്കുകയെന്ന ലക്ഷ്യം പ്രമേയമാക്കിയതാണ് സിഗ്നേച്ചർ ചിത്രം. പ്രതിസന്ധിയുടെ കാലത്തും വെളിച്ചമായ സിനിമയും അതിൻ്റെ പ്രതീക്ഷയുമാണ് 33 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രം സന്ദേശമാക്കുന്നത്.
തുടർച്ചയായ പ്രളയവും മഹാമാരിയും സൃഷ്‌ടിച്ച വെല്ലുവിളികളെ മറികടന്ന് കേരളത്തിൻ്റെ തിരിച്ചുവരവും ചിത്രത്തിൽ കാണാൻ സാധിക്കും. ഒപ്പം മേളയിലൂടെ ആഘോഷത്തിൻ്റെ പുതുവെളിച്ചം കേരളത്തിൽ വീശുന്നു. മുജീബ് മഠത്തിലാണ് ദൃശ്യാവിഷ്‌കാരത്തിന് പിന്നിൽ. മേളയിൽ പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകൾക്ക് മുമ്പും സിഗ്നേച്ചർ ചിത്രം പ്രദർശിപ്പിക്കും.