തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിന് വലിയ പ്രേക്ഷക സ്വീകാര്യത. മേളയിൽ മത്സര വിഭാഗത്തിലെ ആദ്യ പ്രദർശനമായിരുന്നു മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിന്‍റേത്. കൊവിഡ് കാലഘട്ടത്തിൽ വിദേശത്തേക്ക് പോകാനൊരുങ്ങുന്ന ഉത്തർപ്രദേശിലെ നോയിഡയിൽ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രമേയമാക്കിയുള്ളതാണ് ചിത്രം.
പ്രദർശനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഡെലിഗേറ്റുകളുടെ വലിയൊരു നിര തിയേറ്ററിന്‍റെ മുൻപിൽ ഉണ്ടായിരുന്നു. റിസർവേഷൻ ആരംഭിച്ച് മിനിറ്റുകൾക്കകം മുഴുവൻ സീറ്റുകളിലും ബുക്കിങ് പൂർത്തിയായെങ്കിലും സിനിമ ആരംഭിച്ച് ശേഷവും അൺ റിസേർവ്ഡ് സീറ്റുകൾക്കായി ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകളുടെ നീണ്ട ക്യു കാണാമായിരുന്നു. മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിലായിരുന്നു അറിയിപ്പിന്‍റെ പ്രദർശനം.
ഒരു യാത്രയ്ക്കിടയിൽ ശ്രദ്ധയിൽപ്പെട്ട പത്രവാർത്തയിൽ നിന്നാണ് സിനിമയ്ക്ക് ആസ്പദമായ ആശയമുണ്ടായതെന്നും കൊവിഡിനിടയിൽ പൂട്ടികിടന്ന ഫാക്‌ടറിയിൽ വളരെ കുറച്ച് അണിയറ പ്രവർത്തകരെ ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയതെന്നും പ്രദർശനത്തിന് ശേഷമുള്ള പ്രേക്ഷക സംവാദത്തിൽ സംവിധായകൻ പ്രതികരിച്ചു.