തിരുവനന്തപുരം: സ്വാഭാവികമായ പ്രണയം സമൂഹത്തിന്‍റെ ആസ്വാസ്ഥ്യങ്ങള്‍ക്കും അസ്ഥിരതകള്‍ക്കും കാരണമാകുന്ന കാഴ്‌ചയാണ് 28 മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്‌പിരിറ്റ് ഓഫ് സിനിമ ( spirit of cinema) അവാര്‍ഡ് ജേതാവ് വനൂരി കഹിയുവിന്‍റെ 'റഫീകി' എന്ന ചിത്രത്തില്‍. തന്‍റെ വംശവും ലിംഗവും കണക്കിലെടുത്താണ് തന്‍റെ സിനിമകളെ രാഷ്ട്രീയ സിനിമയായി കാണുന്നതെന്ന് ആവര്‍ത്തിക്കുന്ന സംവിധായിക കെനിയയില്‍ നിരോധിക്കപ്പെട്ട റഫീകിയുടെ ചിത്രീകരണം പോലിസ് സാന്നിധ്യത്തിലായിരുന്നുവെന്നും വ്യക്തമാക്കുന്നു.
തന്നെ പോലെ തന്നെ തന്‍റെ സിനിമയുടെ സാന്നിധ്യം കൊണ്ട് മാത്രം അസ്വാഭാവികതയിലേക്ക് നീങ്ങുന്ന സാമൂഹിക-ഭരണകൂട സംവിധാനമാണ് തന്‍റെ രാജ്യത്തിലേതെന്ന് വനൂരി പറയുന്നു. കൗമാരത്തില്‍ പ്രണയത്തിലാകുന്ന കെനയും സീകിയും പ്രാദേശിക തിരഞ്ഞെടുപ്പില്‍ തമ്മില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മക്കളാണ്.
ഇരുവരും തമ്മിലുണ്ടാകുന്ന സൗഹൃദം പ്രണയമാകുന്നതോടെ ചുറ്റുപാടുകള്‍ ഇരുവരെയും ദാക്ഷിണ്യമില്ലാതെ ആക്രമിക്കുന്നു. സുരക്ഷയ്ക്കായി ഇരുവരും പ്രണയം വേണ്ടെന്ന് വെയ്ക്കുന്നതായി ചിത്രത്തില്‍ കാണാം. വ്യക്തിപരമായ വിരോധം ഇരുവരും നേരിടുന്ന ആക്രമണങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ മകളുമായുള്ള സൗഹൃദം ഒഴിവാക്കണമെന്ന് പ്രധാന കഥാപാത്രമായ കെനയുടെ അച്ഛന്‍ ഉപദേശിക്കുന്നു. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തുന്ന കെനയെ ആശ്വസിപ്പിക്കാനായി ആദ്യം എത്തുന്നതും അച്ഛനാണ്.
കഥയുടെ തുടക്കം മുതല്‍ ശ്രദ്ദേയമാണ് പ്രദേശത്ത് കഫെ നടത്തുന്ന സ്ത്രീയുടെ കഥാപാത്രം. ഇരുവരുടെയും പ്രണയത്തിനോടുള്ള സമൂഹത്തിന്‍റെ സമീപനം വ്യക്തമാക്കാന്‍ സംവിധായിക ഈ കഥാപാത്രത്തെ വലിയ രീതിയില്‍ ആശ്രയിക്കുന്നു. സ്വവര്‍ഗാനുരാഗം സമൂഹത്തിന്‍റെ മൂല്യങ്ങള്‍ തകരുന്നതിന്‍റെ ലക്ഷണമാണെന്ന് ഞായറാഴ്ചകളില്‍ പ്രസംഗിക്കുന്ന വികാരിയച്ചന്‍, ദൈവത്തിന്‍റെ നിയമങ്ങള്‍ മനുഷ്യന്‍റെ നിയമങ്ങള്‍ പോലെ എപ്പോഴും മാറുന്നതല്ലെന്നും പറയുന്നു.
ആള്‍കൂട്ട ആക്രമണത്തിന് പിറകെ കെനയും സീകിയും പിരിയുന്നു. കാലങ്ങള്‍ക്ക് ശേഷം സീകി തിരികെ നാട്ടിലെത്തിയെന്ന വാര്‍ത്തയറിഞ്ഞ് എത്തുന്ന കെനയെ പേര് പറഞ്ഞു വിളിക്കുന്ന ശബ്ദത്തോടെയാണ് സിനിമ അവസാനിക്കുന്നത്. വ്യക്തബന്ധങ്ങള്‍ നല്കുന്ന പ്രതീക്ഷയാണ് ആശങ്കയുടെ തീവ്രത കുറയ്ക്കാന്‍ സംവിധായക ഉപയോഗിക്കുന്നത്.
തന്‍റെ സിനിമകള്‍ രാഷ്ട്രീയത്തിനപ്പുറത്തേക്ക് മനുഷ്യബന്ധങ്ങളുടെ കഥകളാണ് പറയുന്നതെന്ന സംവിധായികയുടെ അവകാശവാദത്തോട് കൂറ് പുലര്‍ത്തുന്ന അന്ത്യമാണ് ചിത്രത്തിനുള്ളത്