തിരുവനന്തപുരം : പെട്രോളിയം ഉത്‌പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവന്നാൽ കേരളത്തിന് ഇപ്പോൾ കിട്ടുന്ന നികുതി ലഭിക്കില്ലെന്ന് ധനമന്ത്രി കെ.എം ബാലഗോപാൽ. സംസ്ഥാനത്തിന് ആകെ കിട്ടുന്ന നികുതിയുടെ പകുതിയും പെട്രോളിയത്തിൽ നിന്നും മദ്യത്തിൽ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിൽക്കുന്ന പെട്രോളിന് 18 രൂപയുടെ അഡീഷണൽ സെസും എട്ട് രൂപയുടെ പ്രത്യേക സെസും കേന്ദ്രം ചുമത്തുന്നുണ്ട്. ഡീസലിന് ഇത് 29 രൂപയാണ്. പെട്രോളിനും ഡീസലിനും വില കുറയണമെങ്കിൽ നിയമപരമല്ലാത്ത നികുതിയുടെ പരിധിയിൽ വരാത്ത ഈ പ്രത്യേക സെസ് ഒഴിവാക്കണം.
ALSO READ: കെ.സി വേണുഗോപാലും കെ സുധാകരനും കോൺഗ്രസിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നു : ജി രതികുമാർ
കേന്ദ്ര ഗവൺമെന്‍റിന് ആത്മാർഥതയുണ്ടെങ്കിൽ ഇത് കുറയ്ക്കുകയാണ് വേണ്ടത്. ചെയ്യാത്ത കാര്യത്തിന് സംസ്ഥാന സർക്കാരിനെ ശാസിക്കുകയാണ്. വ്യാഴാഴ്‌ച ചേരുന്ന ജി.എസ്.ടി കൗൺസിലിൽ സംസ്ഥാനം നിലപാട് അറിയിക്കും.
സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട കോമ്പൻസേഷൻ ദീർഘിപ്പിക്കണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസ് പെട്രോൾ, ഡീസൽ കാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.