ജയ്‌പൂര്‍: രാജസ്ഥാനിലെ അജ്‌മീറിലെ പ്രശസ്‌തമായ ഹോട്ടൽ ഖാദിമിന്‍റെ പേര് മാറ്റി ബിജെപി സര്‍ക്കാര്‍. സംസ്ഥാന ടൂറിസം കോർപ്പറേഷന്‍റെ ഖാദിമി എന്ന ഹോട്ടലിന്‍റെ പേര് രാജസ്ഥാൻ സർക്കാർ 'അജയ്മേരു' എന്ന് പുനർനാമകരണം ചെയ്‌തു. നഗരത്തിന്‍റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേര് മാറ്റമെന്ന് രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ വ്യക്തമാക്കി.
അജ്‌മീർ നോർത്തിൽ നിന്നുള്ള എംഎൽഎയും നിയമസഭാ സ്‌പീക്കറുമായ വാസുദേവ് ദേവ്‌നാനിയുടെ നിർദേശത്തെ തുടർന്നാണ് രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ (ആർടിഡിസി) ഹോട്ടലിന്‍റെ പേര് മാറ്റിയത്. അജ്‌മീര്‍ ചരിത്രപരമായി 'അജയ്മേരു' എന്നാണ് അറിയപ്പെട്ടിരുന്നത്, പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും ഈ പേര് ഉപയോഗിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കോർപ്പറേഷൻ ഡയറക്‌ടര്‍ ബോർഡ് യോഗത്തിന് ശേഷം ആർടിഡിസി എംഡി സുഷമ അറോറയാണ് ഹോട്ടൽ ഖാദിമിന്‍റെ ‘അജയ്മേരു’ എന്നാക്കി മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 'അജയ്‌മേരു' എന്ന പേരിന് വേരുകൾ ഏഴാം നൂറ്റാണ്ടിൽ മഹാരാജാ അജയ്‌രാജ് ചൗഹാൻ സ്ഥാപിച്ചതു മുതലാണ്. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, പുരാതന ചരിത്ര രേഖകളിലും ഭൂമിശാസ്ത്രപരമായ പരാമർശങ്ങളിലും ഈ പേര് ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സൂഫിയായിരുന്നു ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്‌തിയുടെ ആരാധന കേന്ദ്രവുമായി ബന്ധപ്പെട്ട് ഈ നഗരം പ്രസിദ്ധമാണ്, ഈ സൂഫി നേതാവുമായി ബന്ധപ്പെട്ടതാണ് 'ഖാദിം' എന്ന പേര്. ഇവിടെയുള്ള ദർഗയിലെ പുരോഹിതന്മാരെ 'ഖാദിം' എന്നാണ് വിളിക്കുന്നു. ഇങ്ങനെയാണ് അജ്‌മീരില്‍ ഖാദിം എന്ന ഹോട്ടല്‍ ഉണ്ടായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഹോട്ടലിന്‍റെ പേരാണ് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ അജയ്‌മേരു എന്ന് പുനര്‍നാമകരണം ചെയ്‌തത്.
ഹോട്ടലിന്‍റെ പേര് മാറ്റാൻ അജ്‌മീര്‍ നോര്‍ത്ത് എംഎല്‍എ ആർടിഡിസിക്ക് നേരത്തെ നിർദേശം നൽകിയിരുന്നതായി അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികൾക്കും ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും ഇടയിൽ പ്രശസ്‌തമായ ഈ ഹോട്ടലിന്‍റെ പുതിയ പേര് അജ്‌മീറിന്‍റെ സമ്പന്നമായ സാംസ്‌കാരിക ചരിത്രവും പൈതൃകവും സ്വത്വവും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് സ്‌പീക്കർ പറഞ്ഞു.
അജ്‌മീറിലെ കിങ് എഡ്വേർഡ് മെമ്മോറിയലിന്‍റെ പേര് ഹിന്ദു തത്ത്വചിന്തകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പേരിൽ പുനർനാമകരണം ചെയ്യാനും സ്‌പീക്കര്‍ നിർദേശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read Also: കര്‍ണാടകയില്‍ നക്‌സല്‍ നേതാവ് ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു, നാല് പേര്‍ രക്ഷപ്പെട്ടു