തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വൻ അഴിച്ചുപണിയുമായി സർക്കാർ. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് അടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ മാറ്റി നിയമിച്ചത്. വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റിനിയമിച്ചു.
എഐ കാമറ പദ്ധതിയിലെ അഴിമതി ആരോപണം സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടക്കുന്നതിനിടയിലാണ് വ്യവസായ സെക്രട്ടറിയെ മാറ്റിയിരിക്കുന്നത്. ഹൗസിങ്ങ് ബോര്‍ഡിന്‍റെ അധിക ചുമതലയും മുഹമ്മദ് ഹനീഷിന് നല്‍കിയിട്ടുണ്ട്. സുമന്‍ ബില്ല ഐഎഎസിനാണ് വ്യവസായ വകുപ്പിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്.
ചീഫ് സെക്രട്ടറി വിപി ജോയ്ക്ക് ഭരണ ഭാഷ പരിഷ്‌കരണ വകുപ്പിന്‍റെ ചുമതല കൂടി നല്‍കി. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ നികുതി, എക്സൈസ് വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. എസ്‌സി, എസ്‌ടി വകുപ്പിന്‍റെ അധിക ചുമതല കൂടി ജയതിലകിന് നല്‍കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളാണ് പുതിയ റവന്യു സെക്രട്ടറി. സാമൂഹ്യ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജിനെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. വനിത ശിശുക്ഷേമ വകുപ്പിന്‍റെ അധിക ചുമതലയും റാണി ജോര്‍ജ്ജിന് നല്‍കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫിന് സാമൂഹ്യ ക്ഷേമ വകുപ്പിന്‍റെ അധിക ചുമതല നല്‍കി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ അധിക ചുമതല നല്‍കി. ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍ക്ക് അരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്‍റെ ചുമതല അധികമായി നല്‍കി. ആരോഗ്യ സര്‍വകലാശാലയുടെ ചുമതലയും രത്തന്‍ യു കേല്‍ക്കര്‍ക്കാണ്. തൊഴില്‍ വകുപ്പ് സെക്രട്ടറി അജിത്ത് കുമാറിന് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കി.
കാസര്‍കോട് കലക്‌ടറെയും മാറ്റിയിട്ടുണ്ട്. കാസര്‍കോട് കലക്‌ടറായിരുന്ന ബണ്‍ഡാരി സ്വാഗത്ത് റണ്‍വീര്‍ചന്തിനെ ജല അതോറിറ്റി എംഡിയായി നിയമിച്ചു. കെ ഇന്‍ബസേകറാണ് പുതിയ കാസര്‍കോട് കലക്‌ടര്‍. നഗര വികസന ഡയറക്‌ടറായിരുന്ന അരുണ്‍ കെ വിജയനെ പ്രവേശന പരീക്ഷ കമ്മീഷണറായി നിയമിച്ചു. തിരുവനന്തപുരം സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ സിഇഒയുടെ ചുമതലയും അരുണ്‍ കെ വിജയന് അധികമായി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ല വികസന കമ്മീഷണറായിരുന്ന ഡിആര്‍ മേഘശ്രീയെ രജിസ്‌ട്രേഷന്‍ വകുപ്പ് ഐജിയായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ട്.