തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പരസ്യ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടിക ജാതി -പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നുകൂടി ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പൊലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്. നാലാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം.
READ MORE: മൊബൈല്‍ മോഷണമാരോപിച്ച് അച്ഛനും മകള്‍ക്കും പരസ്യ വിചാരണ : പൊലീസുകാരിക്ക് സ്ഥലംമാറ്റം
പരസ്യ വിചാരണയ്ക്ക് വിധേയനായ ജയചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. താനും മകളും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണെന്ന് നിറത്തിലും രൂപത്തിലും ബോധ്യപ്പെട്ടതുകൊണ്ടാണ് എതിര്‍കക്ഷി തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്‌ടപരിഹാരം ഈടാക്കി നല്‍കണമെന്നും പരാതിയിലുണ്ട്.