തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി പരാതി. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്നും 12 കോടി ചെലവഴിച്ച് നിർമ്മിച്ച അമ്മമാരുടെയും കുട്ടികളുടെയും കെട്ടിടത്തിൽ ആശുപത്രിയിലെ തന്നെ പ്ലാസ്റ്റിക് മാലിന്യം ചാക്കു കെട്ടുകളിലാക്കി കൂട്ടിയിട്ടിരിക്കുന്നു.
ഗര്‍ഭിണികളുടെ വാര്‍ഡില്‍ ആശുപത്രിയിലെ മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികളെ നിലത്തും വരാന്തയിലുമായാണ് കിടത്തിയിരിക്കുന്നത്. അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ പല മുറികളും ഉപയോഗിക്കാന്‍ കഴിയുന്നവയാണെങ്കിലും അവ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൂട്ടിയിടാനോ മറ്റാവശ്യങ്ങള്‍ക്കോ ആണ് ഉപയോഗിക്കുന്നത്. രോഗികളാകട്ടെ നിലത്തും ഒരു കട്ടിലില്‍ രണ്ടു പേരുമായി കഴിയുന്നു.
സംസ്ഥാന അതിർത്തി പ്രദേശത്തേ ഏക സർക്കാർ ജനറൽ ആശുപത്രി ആയതിനാൽ തന്നെ മലയോര പ്രദേശങ്ങളിൽ നിന്നും തീരദേശ പ്രദേശങ്ങളിൽ നിന്നുമായി ദിവസേന മൂവായിരത്തിലധികം രോഗികൾ ഇവിടെ ചികിത്സക്കായി എത്താറുണ്ട്. എന്നാൽ പലപ്പോഴും ഡോക്ടറെ കാണുന്നതിന് ടോക്കൺ പോലും ലഭിക്കാറില്ലായെന്നും ഇവർ പറയുന്നു. കൂടാതെ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ജനപ്രതിനിധികളോ ആരോഗ്യവകുപ്പോ ഇടപെടുന്നില്ലെന്ന് ആശുപത്രിയിലെ ജീവനക്കാർ തന്നെ പറയുന്നുണ്ട്.