തിരുവനന്തപുരം: പാറശാല അയിരയിൽ വീട് ജപ്‌തി ചെയ്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. ആർ.എസ് ഭവനിൽ പരേതനായ രാജൻ വൈദ്യരുടെ ഭാര്യ സിൽവി (50) ആണ് വീടിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
വെള്ളറടയിലെ ദേശസാല്‍കൃത ബാങ്കിൽ നിന്ന് 2005 ൽ അഞ്ചര സെന്റ് സ്ഥലം പണയം വച്ച് അഞ്ച് ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. ആറരലക്ഷം രൂപ തിരിച്ചടച്ചതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ 12 ലക്ഷം രൂപ തിരിച്ചടവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതര്‍ രംഗത്തെത്തി. ഇതിനിടെ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ബാങ്ക് വീട് പൂട്ടി സീൽ ചെയ്‌തിരുന്നു. അന്ന് പ്രദേശവാസികള്‍ ഇടപെട്ട് വാതില്‍ പൊളിച്ച് സില്‍വിയെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്നലെ വീണ്ടും ബാങ്ക് അധികൃതര്‍ ജപ്‌തി ചെയ്യാനെത്തി.
വിഎച്ച്പി പ്രവർത്തകരുടെ നേതൃത്വത്തിൽ വീടിന് മുമ്പിൽ ബാങ്കിനെതിരെ പ്രതിഷേധങ്ങളുയർന്നു. പൂവാറിൽ നിന്ന് ഫയർഫോഴ്സ് സംഘവും പൊഴിയൂർ പൊലീസും സംഭവ സ്ഥലത്ത് നിലയുറപ്പിച്ചു.ബാങ്കുമായി ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പ്രധിഷേധക്കാർ വീടിന്‍റെ പൂട്ട് തല്ലി തകർത്ത് സിൽവിയെ വീടിനുള്ളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ സില്‍വിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. വൈകിട്ട് ജാമ്യം ലഭിച്ച വീട്ടമ്മ ഇന്നലെ വീടിന് പുറത്താണ് കിടന്നുറങ്ങിയത്.