തിരുവനന്തപുരം : കനത്ത മഴയിൽ കുന്നിടിഞ്ഞ് വീടിനുള്ളിലേക്ക് വീണു. വെങ്ങാനൂർ സ്വദേശി ഓമനയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇതേ കുന്നിന്‍റെ മറ്റൊരു ഭാഗം അടർന്ന് കിണറിലേക്കും പതിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം.
രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് കുന്ന് ഇടിഞ്ഞുവീണത്. മഴവെള്ളത്തിൽ കുന്നിലെ മണ്ണ് വീടിനുള്ളിലേക്ക് ഒഴുകിയെത്തി. അടുക്കളയിലെയും മുറികൾക്കുള്ളിലെയും സാധന സാമഗ്രികളും ഭക്ഷണ സാധനങ്ങളും ചെളിയിൽ പുതഞ്ഞു.
വീടിന് സമീപത്തെ കിണറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കിണർ ഭാഗികമായി മൂടിയതോടെ കുടിവെള്ളവും മുട്ടി. ഇതിനുമുൻപും വീടിനുള്ളിലേക്ക് കുന്നിടിഞ്ഞ് വീണിട്ടുണ്ടെന്നും ബന്ധപ്പെട്ട കൗൺസിലറും ഉദ്യോഗസ്ഥരും വന്ന് നോക്കിപ്പോകുന്നതല്ലാതെ പിന്നീടാരും തിരിഞ്ഞുനോക്കാറില്ലെന്നും ഓമന പറയുന്നു.
മൂന്ന് സെന്‍റ് പുരയിടത്തിലാണ് ഓമനയുടെ പണി പൂർത്തിയാകാത്ത വീടുള്ളത്. പണി പൂർത്തിയാക്കാത്ത വീട്ടിൽ നിന്ന് മറ്റെവിടേക്കും പോകാനാകില്ല. കനത്ത മഴ തുടരുകയാണെങ്കിൽ വീണ്ടും കുന്നിടിഞ്ഞ് വീട് തകരുമെന്ന ആശങ്കയിലാണ് ഓമനയും കുടുംബവും.