തിരുവനന്തപുരം: കൊവിഡ് പുതിയ ജനിതക വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. വ്യാപന ശേഷി ഉയര്‍ന്നതാണ് പുതിയ വകഭേദം. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.
ഇതിന്‍റെ ഭാഗമായി ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും എയര്‍പോര്‍ട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നും ഉന്നതതല യോഗം നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. കൊവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക വകഭേദത്തിനായി അയയ്ക്കും.
ആശുപത്രി അഡ്‌മിഷന്‍, കിടക്കകള്‍, ഐസിയു ഉപയോഗം കൃത്യമായി നിരീക്ഷിക്കാന്‍ മന്ത്രി യോഗത്തില്‍ പറഞ്ഞു. പ്രായമായവരും ആരോഗ്യ പ്രവര്‍ത്തകരും അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും കരുതല്‍ ഡോസ് എടുക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.