തിരുവനന്തപുരം : സംസ്ഥാനത്ത് ഹയര്‍സെക്കന്‍ററി ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. ഇതുവരെയുള്ള കണക്കിലെ ഏറ്റവും ഉയര്‍ന്ന വിജയ കണക്കാണിത്. കഴിഞ്ഞ വര്‍ഷം 85.13 ആയിരുന്നു.
സയന്‍സ് വിദ്യാര്‍ഥികളിൽ പരീക്ഷ എഴുതിയ 90.52 ശതമാനം കുട്ടികള്‍ വിജയിച്ചു. കൊമേഴ്‌സില്‍ 89.13, ഹ്യുമാനിറ്റീസില്‍ 80.34 ആണ് വിജയം. കലാമണ്ഡലത്തില്‍ 89.33 ശതമാനം വിദ്യാര്‍ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല എറണാകുളമാണ്. 91.11ശതമാനമാണ് ഇവിടുത്തെ വിജയം. കുറവ് പത്തനംതിട്ടയിലാണ്. 48383 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
Also read: മുട്ടിൽ മരം മുറി : പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് സർക്കാർ ഹൈക്കോടതിയിൽ
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ശതമാനം വിദ്യാര്‍ഥികൾ ഉന്നത പഠനത്തിന് അർഹത നേടിയപ്പോൾ എയ്‌ഡഡ് സ്‌കൂളുകളിൽ നിന്ന് പരീക്ഷ എഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അണ്‍എയ്‌ഡഡ് സ്‌കൂളുകളില്‍ 87.67 ശതമാനമാണ് വിജയം. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ എല്ലാവരും വിജയികളായി.
11 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനമാണ് വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ 80.36 ശതമാനമാണ് വിജയം. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 53 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോള്‍ ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 84.39 ശതമാനമാണ് വിജയം.