തിരുവനന്തപുരം: പേവിഷബാധയ്‌ക്കുള്ള കുത്തിവയ്‌പ്പെടുത്തിട്ടും പട്ടി കടിച്ചവര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ റാബീസ് വാക്‌സിന്‍റെ ഗുണനിലവാരത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖത്തും ചുണ്ടിലും പട്ടിയുടെ കടിയേറ്റാല്‍ അതിവേഗം വൈറസ് തലച്ചോറില്‍ എത്തുന്നതുകൊണ്ടാണ് കുത്തിവയ്‌പ്പെടുത്തിട്ടും പട്ടി കടിച്ചവര്‍ മരണമടയുന്നതെന്നും വാക്‌സിന് തകരാറൊന്നുമില്ലെന്നും ആരോഗ്യമന്ത്രി അവകാശവാദം ഉന്നയിച്ചു. ഈ വാദം തള്ളിയാണ് വിദഗ്‌ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.
സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണം കൂടി വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് പി.കെ ബഷീര്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് പട്ടികളുടെ കടിയേറ്റുണ്ടാകുന്ന മരണങ്ങള്‍ ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണപ്പെടുന്നത് കൂടുതൽ ആശങ്കയ്‌ക്ക് കാരണമായി.
ഈ സാഹചര്യത്തില്‍ റാബീസ് വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് വിദഗ്‌ധ സമിതി പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെയും മൃഗസംരക്ഷണ മന്ത്രിയുടെയും വിശദീകരണത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്. കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മരുന്നുകള്‍ക്ക് കേന്ദ്ര ലബോറട്ടറിയുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഉള്ളതാണ്.
മാത്രമല്ല എല്ലാ മരുന്നുകളും രണ്ട് തവണ ഇന്‍ഹൗസ് ടെസ്റ്റിന് വിധേയമാക്കിയിട്ടുള്ളതും കൃത്യമായ ഗുണനിലവാര മാനദണ്ഡം പാലിക്കുന്നതുമാണ്. മുഖത്തും ചുണ്ടിലും ഏല്‍ക്കുന്ന കടികള്‍ വളരെ ഗുരുതരമായ മൂന്നാം ഇനത്തില്‍പെട്ട കടിയാണ്. ഇത്തരം കടിയേറ്റാല്‍ അതിവേഗം വൈറസ് തലച്ചോറിനെ ബാധിക്കും. കടിയേറ്റ ശേഷം കുത്തിവയ്‌പ്പെടുത്താലും ഇത് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ രണ്ടാഴ്‌ചയെടുക്കും.
ഇതിനുള്ളില്‍ മൂന്നാം ഇനത്തില്‍ പെട്ട കടിയേല്‍ക്കുന്നവരുടെ തലച്ചോറില്‍ വൈറസ് ബാധിച്ചു കഴിഞ്ഞതു കൊണ്ടാണ് മരണം സംഭവിക്കുന്നതെന്ന് വിദഗ്‌ധര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പേ വിഷ ബാധയേറ്റ് 20 പേര്‍ ഇതിനകം മരിച്ചു. ഇതില്‍ 15 പേര്‍ വാക്‌സിന്‍ എടുക്കാത്തവരാണ്. ഒരാള്‍ ഭാഗികമായി വാക്‌സിന്‍ സ്വീകരിച്ചയാളാണ്.
നാല് പേര്‍ വാക്‌സിന്‍ എടുത്തിട്ടും മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ വീടുകളില്‍ വളര്‍ത്തുന്ന പട്ടിയുടെ കടിയേറ്റ് മരിച്ചവരാണ്. 2025 ഓടു കൂടി സംസ്ഥാനത്ത് പേവിബാധയേറ്റുള്ള മരണം പൂര്‍ണമായി ഇല്ലാതാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്തെ ലോക്‌ഡൗണിന്‍റെ ഭാഗമായി സംസ്ഥാനത്ത് വളർത്തുമൃഗങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്ന് മൃഗ സംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കൊവിഡ് കാരണം പ്രതിരോധ വാക്‌സിന്‍ കൃത്യമായി എടുക്കാനുമായില്ല. ഇതാണ് പട്ടി കടിയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
സംസ്ഥാന വ്യാപകമായി സമയബന്ധിതമായി നായ്‌ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ നടത്തുമെന്ന് മൃഗസംരക്ഷണ മന്ത്രി അറിയിച്ചു. എന്നാല്‍ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷന്‍ വഴി വാങ്ങിയ 5000 വയല്‍ വാക്‌സിനുകള്‍ ഗുണനിലവാരമില്ലാത്തത് കാരണം പിന്‍വലിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ഇത് പിന്‍വലിച്ച് തമിഴ്‌നാട്ടില്‍ നിന്ന് വാക്‌സിന്‍ കൊണ്ടുവന്നെങ്കിലും ഇതിനും വേണ്ടത്ര ഗുണിലവാരമില്ലായിരുന്നെന്നും സതീശന്‍ പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.