എറണാകുളം: ആഡംബര റിസോർട്ടിലെ താമസവുമായി ബന്ധപ്പെട്ട് ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്‌ണു സുനിൽ പന്തളത്തിനാണ് പൊലീസ് സംരക്ഷണം നല്‍കേണ്ടത്. കൊല്ലം ജില്ല പൊലീസ് മേധാവി, കൊട്ടിയം എസ്.എച്ച്.ഒ, കൊല്ലം വെസ്‌റ്റ് പൊലീസ് ഉൾപ്പെടെയുള്ളവർക്കാണ് കോടതിയുടെ നിർദേശം.
വിഷ്‌ണു നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്നാരോപിച്ചായിരുന്നു വിഷ്‌ണുവിന്‍റെ ഹർജി. ആഡംബര റിസോർട്ടിൽ താമസിച്ചതുമായി ബന്ധപ്പെട്ട് ചിന്ത ജെറോമിന്‍റെ വരുമാന സ്രോതസടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ നേരത്തെ വിജിലൻസിനുൾപെടെ പരാതി നൽകിയിരുന്നു.
പരാതി നൽകിയതിനു ശേഷം ചിന്തയുടെയും റിസോർട്ടുടമയുടെയും നിർദേശ പ്രകാരം പാർട്ടി നേതാക്കൾ തന്നെ മർദിച്ചതായും ജീവന് ഭീഷണിയുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. പരാതിക്കാരന്‍റെ ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വരെ വിഷ്‌ണുവിന് സംരക്ഷണം നല്‍കാന്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. ആഡംബര റിസോർട്ടിലെ താമസത്തിനും മറ്റും ചിന്ത ജെറോം 38 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നായിരുന്നു ആരോപണം.