തിരുവനന്തപുരം: കാഴ്‌ച ശക്തി കുറഞ്ഞവർക്കും ശാരീരിക അവശതയുള്ള വോട്ടർമാർക്കും സഹായികളെ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവാദം നല്‍കി. വോട്ടിങ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടണോട് ചേര്‍ന്ന ബ്രെയിലി ലിപി സ്‌പര്‍ശിച്ചോ സ്വയം വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാലാണ് സഹായിയെ അനുവദിക്കുക. വോട്ടര്‍ നിർദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. സഹായിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം.
സ്ഥാനാർഥി, പോളിങ് ഏജന്‍റ് എന്നിവരെ സഹായികളായി അനുവദിക്കില്ല. പ്രിസൈഡിങ് ഓഫീസറോ മറ്റേതെങ്കിലും പോളിങ് ഓഫീസറോ വോട്ട് രേഖപ്പെടുത്തുന്നിടത്തേക്ക് പോകാന്‍ പാടില്ല. വോട്ടിന്‍റെ രഹസ്യ സ്വഭാവം വെളിപ്പെടുത്തില്ലെന്ന നിശ്ചിത ഫോറത്തിലുള്ള സത്യവാങ്മൂലം സഹായി നല്‍കണം. ഈ സത്യവാങ്മൂലം പ്രിസൈഡിങ് ഓഫീസര്‍മാര്‍ ഫോം 22 പ്രത്യേക ഫോറത്തില്‍ വരണാധികാരികൾക്ക് നല്‍കണം. ശാരീരിക അവശതകളുള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കും.