തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ലഭിച്ച അതി തീവ്ര മഴയ്ക്ക് നിലവില്‍ ശമനമായെങ്കിലും മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ-പശ്ചിമബംഗാള്‍ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ അതി തീവ്ര ന്യൂനമര്‍ദമായേക്കും. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു.
ഇതിനാലാണ് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്നത്. ഇതിനു പുറമെ മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്ര വാതച്ചുഴിയും നിലനില്‍ക്കുന്നു. ഓഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും, കടല്‍ പ്രക്ഷുബ്‌ധമാകാനും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.