തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ തീവ്രത കൂടിയതിനാല്‍ അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തോട് അടുക്കും. പരമാവധി 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.