തിരുവനന്തപുരം: സംസ്ഥാന വ്യപകമായി ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുളള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വരുന്ന 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 11 വരെ സെന്‍റീമീറ്റര്‍ മഴപെയ്യാനാണ് സാധ്യത. തെക്കന്‍ ജില്ലകളില്‍ ശക്തികുറഞ്ഞ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാലാണ് തീരമേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നാളെയും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.