തിരുവനന്തുപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര ഇടപെടല്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ 6 ജില്ലകളിൽ അവലോകന യോഗം ചേര്‍ന്നു. പോസിറ്റീവിറ്റി നിരക്ക് കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് മന്ത്രി വിളിച്ചു ചേര്‍ത്തത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. ജില്ല കലക്ടര്‍മാരും, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരും യോഗത്തില്‍ പങ്കെടുത്ത് നിലവിലെ സ്ഥിതി വിലയിരുത്തി. പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.
Also read: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം തുടങ്ങി
ജില്ലകളില്‍ പരിശോധനകള്‍ പരമാവധി വർധിപ്പിക്കുക, ക്വാറന്‍റൈനും സമ്പർക്ക പട്ടിക തയാറാക്കലും ശക്തമാക്കുക, ഡി.സി.സി.കളും സി.എഫ്.എല്‍.ടി.സി.കളും ശക്തിപ്പെടുത്തുക, അനുബന്ധ രോഗമുള്ളവരെ കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുക, അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുക എന്നിങ്ങനെ വിവിധ നിർദേശം മന്ത്രി നൽകി.
മൂന്നാം തരംഗം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി പ്രതിരോധം തീര്‍ക്കണമെന്നും ഇതിനായി വാക്‌സിനേഷന്‍ പ്രക്രിയ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍മാര്‍, ലാബ് സര്‍വയലന്‍സ് സംഘം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.