തിരുവനന്തപുരം: നവംബര്‍ 16ന് ആരംഭിക്കുന്ന മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിന് മലകയറുന്ന ഭക്തർക്ക് ആരോഗ്യകരമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിന് വിദഗ്‌ധ ഉപദേശവുമായി ആരോഗ്യ വകുപ്പ്. തീര്‍ഥാടനത്തിന് തയ്യാറെടുക്കുന്നവര്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഇനി പറയുന്ന നിര്‍ദേങ്ങള്‍ പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അനിതകുമാരി അറിയിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം: ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍, ഹൃദ്രോഗം, മറ്റ് ഗുരുതര പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കണം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍, നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച ചികിത്സ രേഖകള്‍ എന്നിവ കയ്യില്‍ കരുതണം. വ്രതാനുഷ്‌ഠാനം ആരംഭിച്ചാലും നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്.
മലകയറുന്നതിന് കുറഞ്ഞത് രണ്ടാഴ്‌ച മുന്‍പ് മുതല്‍ ദിവസവും അരമണിക്കൂര്‍ നടത്തം ശീലമാക്കണം. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷക സമൃദ്ധമായ ആഹാരം കഴിക്കണം. പനി, ചുമ, ശ്വാസതടസം, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ യാത്ര ഒഴിവാക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനത്തിനു മുന്‍പ് ചികിത്സിക്കുന്ന ഡോക്‌ടറുടെ ഉപദേശം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.