തിരുവനന്തപുരം: അനുമതിയില്ലാതെ ശിശുക്ഷേമ സമിതിയലേക്ക് മാറ്റിയ കുഞ്ഞിനെ അമ്മ അനുപമയ്ക്ക് തിരികെ ലഭിക്കാനുള്ള സാധ്യത തെളിയുന്നു. വിഷയത്തില്‍ അനുപമയ്ക്ക് അനുകൂലമായി ഇടപെടല്‍ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ശിശുക്ഷേമ സമിതിയിലുള്ള തന്‍റെ കുഞ്ഞെന്ന് അനുപമ അവകാശപ്പെടുന്ന കുഞ്ഞിന്‍റെ ദത്ത് നടപടികള്‍ പരിഗണിക്കുമ്പോള്‍ അനുപമയുടെ അവകാശവാദം വഞ്ചിയൂര്‍ കോടതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കും. ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്ക് നിലവില്‍ താത്കാലികമായി ദത്ത് നല്‍കയിട്ടുള്ള കുഞ്ഞിന്‍റെ ദത്ത് നടപടികളാണ് വഞ്ചിയൂര്‍ കോടതിയുടെ പരിഗണനയിലുള്ളത്.
ഗവണ്‍മെന്‍റ് പ്ലീഡറോട് ഇക്കാര്യം ഇന്ന് തന്നെ അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുപമയുടെ പരാതിയില്‍ കോടതി ഇടപെടലിലൂടെ നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ദത്ത് സംബന്ധിച്ച് കോടതിയുടെ അന്തിമ തീരുമാനമുണ്ടാകും മുൻപ് ഇടപെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ ഒന്നരമാസമായി ആന്ധ്രാ സ്വദേശികളുടെ കൈയിലാണ് കുഞ്ഞുള്ളത്. അടുത്തയാഴ്‌ചയോടെ ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടലിന് ശ്രമം നടക്കുന്നത്.
കൂടാതെ, അനുപമയുടെ കുഞ്ഞിനെ ഏറ്റെടുത്തതിലും ദത്ത് നല്‍കിയതിലും ശിശുക്ഷേമ സമിതിക്ക് വീഴ്‌ച വന്നോയെന്ന് പരിശോധിക്കാനും ശിശുക്ഷേമ സമിതിക്കും വനിത ശിശു വികസന വകുപ്പിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ അന്വേഷണം നടക്കുന്ന കാര്യവും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
Also Read: ജയചന്ദ്രനെ രക്ഷിക്കാൻ മുൻഭാര്യയെ സിപിഎം രംഗത്തിറക്കി: അജിത്ത്