തിരുവനന്തപുരം : കാസര്‍കോട് കുഴിമന്തി കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണ ജോർജ്. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷ കമ്മിഷണർക്ക് മന്ത്രി നിർദേശം നൽകി. സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ പരിശോധന നടക്കുന്നതിനിടയിൽ വീണ്ടും ഇത്തരത്തിൽ സംഭവം നടന്നതിനെ ഗൗരവമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
Also Read: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു
കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതി എന്ന 19 കാരിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. പുതുവര്‍ഷ ദിനത്തില്‍ ഓൺലൈനായി കാസർകോട്ടെ ഹോട്ടലിൽ നിന്ന് വരുത്തിയ കുഴിമന്തി കഴിച്ചതോടെ അഞ്ജുശ്രീക്ക് അസ്വസ്ഥതകൾ ഉണ്ടായി. ഇതോടെ പെണ്‍കുട്ടിയെ ആദ്യം കാസർകോട്ടെയും പിന്നീട് മംഗലാപുരത്തെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ മെയ് മാസത്തിലും കാസർകോട് ഭക്ഷ്യ വിഷബാധയേറ്റ് മരണം സംഭവിച്ചിരുന്നു. ദേവനന്ദ എന്ന 16 കാരിയാണ് അന്ന് ഇത്തരത്തിൽ മരിച്ചത്. ഇതിന് ശേഷവും ജില്ലയിൽ വ്യാപക പരിശോധന നടത്തിയിരുന്നു.