തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി നിലവില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടിയുടെ നില തൃപ്‌തികരമാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കൊറോണ വൈറസ് ലക്ഷണങ്ങളെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 20 സാമ്പിളുകളിലൊന്നിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ ആവശ്യമെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. വിദ്യാര്‍ഥിക്കൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉടന്‍ തൃശൂരിലെത്തും.
അതേസമയം കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ ഉറപ്പായും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.