തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരുന്ന സ്‌ത്രീയെ ഹെൽത്ത് ഇൻസ്‌പെക്ടര്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പാങ്ങോട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുളത്തൂപ്പുഴ സ്വദേശിനിയെയാണ് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടര്‍ പ്രദീപ് ക്രൂരമായി പീഡിപ്പിച്ചത്. ഒരു ദിവസം മുഴുവൻ കെട്ടിയിട്ട് പീഡിപ്പിച്ചതായാണ് പൊലീസിന്‍റെ എഫ്ഐആറില്‍ പറയുന്നത്. മലപ്പുറത്ത് ജോലി ചെയ്തിരുന്ന സ്‌ത്രീ നാട്ടിലെത്തി കൊവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു.
ജോലി സംബന്ധമായ ആവശ്യത്തിനായി, നിരീക്ഷണത്തിൽ കഴിഞ്ഞ സർട്ടിഫിക്കറ്റിനായാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടര്‍ പ്രദീപിനെ യുവതി സമീപിച്ചത്. എന്നാൽ സർട്ടിഫിക്കറ്റിനായി ഭരതന്നൂരിലെ വീട്ടിലെത്താനായിരുന്നു നിർദേശം. ഇത് പ്രകാരം മൂന്നാം തിയതി ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിലെത്തിയ യുവതിയെ പ്രതി ആക്രമിച്ച് കീഴടക്കുകയായിരുന്നു. മർദ്ദിച്ച ശേഷം കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചതായാണ് എഫ്ഐആർ. ക്വാറന്‍റൈന്‍ ലംഘിച്ചെന്ന് പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പിറ്റേന്ന് രാവിലെ വരെയാണ് പ്രതി സ്‌ത്രീയെ പീഡിപ്പിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി വെള്ളറടയിലെ സഹോദരന്‍റെ വീട്ടിലെത്തിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. ഐ.പി.സി 1860 പ്രകാരം 323, 506, 336 തുടങ്ങിയ വകുപ്പുകൾ ചുമത്തി പാങ്ങോട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കേസിൽ അറസ്റ്റിലായ പ്രദീപിനെ പാങ്ങോട് പൊലീസ് പീഡനം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.